മോഹൻലാലും ശ്രീനിവാസനും ശോഭനയും മണിയൻപിള്ള രാജുവുമെല്ലാം നിറഞ്ഞാടിയ പ്രിയദർശൻ ചലച്ചിത്രം വെള്ളാനകളുടെ നാട് ഇന്നും സിനിമ പ്രേമികളുടെ ഇഷ്ട ചിത്രമാണ്. പിഡബ്ല്യൂഡി ഓഫിസിൽ കിടക്കുന്ന റോഡ് റോളർ സ്വന്തമാക്കാനുള്ള സി പവിത്രൻ നായർ എന്ന കോൺട്രാക്ടറുടെ പെടാപ്പാടുകളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. അതുപോലെ കഴിഞ്ഞ ദിവസം ഒരു റോഡ് റോളർ കൂടി ലേലത്തിന് പോയി. കോഴിക്കോട് സിവിൽസ്റ്റേഷനുമു മുന്നിൽ കിടന്ന റോഡ്റോളറാണ് രണ്ടു ലക്ഷം രൂപയ്ക്ക് എൻ.എൻ.സാലിഹ് ലേലത്തിനെടുത്തത്. എന്നാൽ ലേലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ മോഹൻലാൽ ഒടിവന്നു വാങ്ങിയേനെ എന്നു പറയുകയാണ് നിർമാതാവും നടനുമായ മണിയൻപിള്ള രാജു.
ഒരു റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന് പഴയ സാധനങ്ങളോടുള്ള താൽപ്പര്യം മണിയൻപിള്ള രാജു പങ്കുവെച്ചത്. ‘‘ ആ റോഡ് റോളർ ലേലം ചെയ്യുന്നത് മോഹൻലാലറിയാത്തതു നന്നായി. പഴയകിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താൽ പൊന്നുംവിലയ്ക്ക് വാങ്ങുന്നതാണ്. ലാൽ അറിഞ്ഞെങ്കിൽ ഓടിവന്നു വാങ്ങിച്ചേനെ..’’ അദ്ദേഹം പറഞ്ഞു. കൂടാതെ ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഓർമകളും അദ്ദേഹം പങ്കുവെച്ചു.
ബാലൻ.കെ. നായരടക്കമുള്ള താരനിരയുമായി മറ്റൊരു കഥയിൽ ഷൂട്ടിങ് തുടങ്ങാൻ നാലു ദിവസം മാത്രമുള്ളപ്പോഴാണ് കഥ അത്ര പോരെന്ന് പ്രിയദർശന് തോന്നുന്നത്. അങ്ങനെയാണ് വെള്ളാനകളുടെ നാട് എന്ന സിനിമയുടെ കഥ മാറ്റിയെഴുതേണ്ടിവന്നതെന്നാണ് മണിയൻപിള്ള രാജു പറഞ്ഞു. പുതിയ കഥ വേണമെന്ന് പ്രിയൻ ശ്രീനിവാസനോട് പറഞ്ഞു. ആ ദിവസം എല്ലാ താരങ്ങളും സാങ്കേതി വിദഗ്ധരും കോഴിക്കോട് മഹാറാണി ഹോട്ടലിൽ എത്തിയിരുന്നു. തുടർന്ന് ‘മാൽഗുഡി ഡേയ്സ്’ എന്നനോവലിൽ ജപ്തി ചെയ്ത റോഡ് റോളർ ആന വലിച്ചുകൊണ്ടുപോവുന്ന രംഗത്തെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നുവത്രേ.
എന്നാൽ തിരക്കഥാകൃത്തായ ശ്രീനിവാസൻ മാത്രം ഇവർക്കൊപ്പമുണ്ടായിരുന്നില്ല. പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലായിരുന്നു. തുടർന്ന് ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകൾ തലേന്ന് രാത്രി മഹാറാണിയിലേക്ക് വിളിച്ച് ഫോൺവഴി പറഞ്ഞു കൊടുക്കുകായിരുന്നു. ഗുരുവായൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ലോറികളിൽ ചില ദിവസം സീനുകളെഴുതിയ കടലാസ് കൊടുത്തയച്ചിട്ടുണ്ട്. എഴുതിപ്പൂർത്തിയാക്കിയ തിരക്കഥ പോലുമില്ലാതിരുന്നിട്ടും വെറും 20 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയതായും മണിയൻപിള്ള രാജു പറഞ്ഞു.
മൊയ്ദീനേ ആ ചെറിയേ സ്പാനറിങ്ങ് എടുത്തേ എന്ന ഹിറ്റ് സീനിന്റെ ഷൂട്ടിനെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. കുതിരവട്ടം പപ്പുവും റോഡ് റോളറുമായുള്ള സീനുകൾ ചിത്രീകരിക്കാനായി ആയിരം രൂപ ദിവസവാടകയ്ക്കാണ് പിഡബ്ല്യുഡിയിൽനിന്ന് റോഡ് റോളർ എടുത്തത്. കോഴിക്കോട്ടുകാർ നല്ലയാൾക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോൾ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനൽകിയതെന്നും മതിലിടിച്ചു പൊളിക്കാൻ അനുവദിച്ചതെന്നും മണിയൻപിള്ള പറഞ്ഞു. ഒറ്റ ടേക്കിൽ ഈ രംഗം ചിത്രീകരിക്കാൻ രണ്ടു ക്യാമറ വച്ച്ഷൂട്ട് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates