രാജ്യത്തെ കർഷകരെ പ്രതിസന്ധിയിലാക്കുകയാണ് വെട്ടുകിളി ആക്രമണം. പാക്കിസ്ഥാനിൽ നിന്ന് എത്തിയ വെട്ടുകിളികൾ രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ വലിയ നാശം വിതച്ചുകഴിഞ്ഞു. വലിയ വിഭാഗം കർഷകർ ആശങ്കയിൽ കഴിയുന്നതിനിടെ വെട്ടുകിളികളെക്കുറിച്ച് നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്.
ഖുറാനിലെ വാക്യമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വെള്ളപ്പൊക്കം, വെട്ടുകിളി, പേൻ, തവളകൾ, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവർ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാൻ ( 7:133) എന്നാണ് സൈറ കുറിച്ചത്.
ഇതിന് പിന്നാലെ സൈറയ്ക്കെതിരെ രൂക്ഷ വിമർശനം ഉയരുകയായിരുന്നു. സെെറ പാകിസ്താൻ അനുഭാവിയാണ് എന്നാരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വെട്ടുകിളി ആക്രമണത്തിൽ രാജ്യത്തെ കർഷകർ ദുരിതമനുഭവിക്കുമ്പോൾ അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്ന് മറ്റു ചിലർ ചോദിക്കുന്നു. താരത്തെ പിന്തുണച്ചും ഒരു വിഭാഗം എത്തി. ലോകത്ത് അടക്കടിയുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സൈറ പറഞ്ഞത് എന്നായിരുന്നു അവരുടെ വാദം. വിവാദം രൂക്ഷമായതോടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് സൈറ.
ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്താനില്‍നിന്നു വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. ഇവ രാജസ്ഥാനിലെ 18 ജില്ലകളിലെയും മധ്യപ്രദേശിലെ 12 ജില്ലകളിലേയും വിളകളെ നശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ ബനസ്‌കന്ത, പാടന്‍, കച്ച് എന്നീ മൂന്ന് അതിര്‍ത്തി ജില്ലകളിലെ കൃഷിയിടങ്ങളിലെ വിളകള്‍ മുഴുവന്‍ വെട്ടുകിളി ആക്രമണത്തില്‍ നശിച്ചിരുന്നു. തുടർന്ന് പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates