'വേശ്യയെന്നും പാപിയെന്നും വിളിക്കും, അപമാനിതയാകരുത്, അത് സ്നേഹമല്ലെന്ന് തിരിച്ചറിയണം'; അമല പോൾ
അമേരിക്കയിൽ മലയാളി നഴ്സ് ആയ മെറിനെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത് ലോകത്തെ ഞെട്ടിച്ചിരുന്നു. 17 തവണ കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം കാർ കയറ്റിയാണ് മെറിനെ ഫിലിപ് മാത്യു കൊലപ്പെടുത്തിയത്. എന്നാൽ പൈശാചികമായ ഈ കൊലപാതകത്തെ അനുകൂലിച്ചുകൊണ്ട് ഒരു വിഭാഗം എത്തിയിരുന്നു. കൊലചെയ്യപ്പെട്ട മെറിനെ അപമാനിച്ചുകൊണ്ടായിരുന്നു കൊലയാളിയെ ഇത്തരക്കാർ അനുകൂലിച്ചത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അമല പോൾ. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്നേഹമല്ല എന്ന് അമല പോൾ കുറിക്കുന്നു.
സുഹൃത്ത് അയ്ഷയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. മരിച്ചു പോയ പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള ചിലരുടെ കമന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘സ്നേഹം കൊണ്ടല്ലേ’ എന്നു പറഞ്ഞവരെ ഓർമിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. മെറിന്റെ മരണം ഭയപ്പെടുത്തുന്നുണ്ടെന്നും എന്നാൽ മരണവാർത്തകൾക്ക് താഴെ വന്ന കമന്റുകൾ കൂടുതൽ ഭയപ്പെടുത്തുന്നത് എന്നാണ് കുറിപ്പിൽ പറയുന്നത്.
നിങ്ങളെ വേദനിപ്പിക്കുന്നൊരിടത്തേയ്ക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതമില്ലേ അൽപ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും ഇങ്ങനെയാണ് ജീവിതമെന്നൊക്കെ മറ്റുള്ളവർ ഉപദേശിച്ചേക്കും. പക്ഷേ പോകരുത്. അവർ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിക്കും. നിങ്ങൾ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവർ നാണംകെടുത്താൻ ശ്രമിക്കും. അതിൽ ഒരിക്കലും അപമാനിതരാകരുത്. സ്നേഹിക്കുന്നു എന്ന പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കിൽ, അതും സ്നേഹമല്ല. വാക്കുകളേക്കാൾ പ്രവര്‍ത്തികളെ വിശ്വസിക്കുക. ആവർത്തിച്ചു നടത്തുന്ന അക്രമങ്ങൾ 'പറ്റി പോയ' അപകടമല്ല. അത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹം എന്ന് പഠിപ്പിക്കുകയും ചെയ്യുക.’– കുറിപ്പിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
