'സഹോദരനെപ്പോലെ സ്നേഹിച്ചവൻ എന്റെ അമ്മയെ വേശ്യ എന്നുവിളിച്ചു, അനിയനെ തല്ലി'; വിശാലിനെതിരേ മിഷ്കിൻ

തന്റെ സഹോദരനെപ്പോലെയാണ് വിശാലിനെ കണ്ടിരുന്നതെന്നും സമൂഹം ഒന്നടങ്കം കുറ്റപ്പെടുത്തിയപ്പോഴും താൻ വിശാലിനൊപ്പം നിന്നു എന്നുമാണ് മിസ്കിൻ പറയുന്നത്
'സഹോദരനെപ്പോലെ സ്നേഹിച്ചവൻ എന്റെ അമ്മയെ വേശ്യ എന്നുവിളിച്ചു, അനിയനെ തല്ലി'; വിശാലിനെതിരേ മിഷ്കിൻ
Updated on
4 min read

തുപ്പറിവാളൻ രണ്ടാം ഭാ​ഗവുമായി ബന്ധപ്പെട്ട വിവാദം തമിഴ് സിനിമയിൽ കത്തുകയാണ്. നടനും നിർമാതാവുമായ വിശാലും സംവിധായകൻ മിഷ്കിനും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കളം നിറയുകയാണ്. ഇപ്പോൾ വിശാലിനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മിഷ്കിൻ. തന്റെ അമ്മയെ വിശാൽ വേശ്യയെന്ന് വിളിച്ചെന്നും തന്റെ സഹോദരനെ തല്ലി എന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു സിനിമ പ്രമോഷന്റെ ഭാ​ഗമായി നടന്ന് ചടങ്ങിൽവെച്ചായിരുന്നു തുറന്നു പറച്ചിൽ. 

തന്റെ സഹോദരനെപ്പോലെയാണ് വിശാലിനെ കണ്ടിരുന്നതെന്നും സമൂഹം ഒന്നടങ്കം കുറ്റപ്പെടുത്തിയപ്പോഴും താൻ വിശാലിനൊപ്പം നിന്നു എന്നുമാണ് മിഷ്കിൻ പറയുന്നത്. മറ്റൊരു നിർമാതാവിനെ വെച്ച് തുപ്പറിവാളൻ 2 എടുക്കാൻ ധാരണയായതാണ്. വിശാലിന്റെ നിർബന്ധത്തിലാണ് നിർമാണം കൈമാറിയത്. എന്നാൽ തന്നെ അവഹേളിക്കുകയാണ് വിശാൽ ചെയ്തതെന്നും അദ്ദേഹം പറയുന്നു. വിശാലിനെതിരേയുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞു എന്ന് പറഞ്ഞാണ് മിഷ്കിൻ പ്രസം​ഗം അവസാനിപ്പിക്കുന്നത്. പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് മിഷ്കിനും വിശാലും തെറ്റുന്നത്. 

മിഷ്കിന്റെ വാക്കുകൾ ഇങ്ങനെ

ദിവസങ്ങളോളമെടുത്ത് വളരെ കഷ്ടപ്പെട്ടാണ് ഓരോ കഥയും എഴുതുന്നത്. തുപ്പറിവാലൻ 2 വും അതുപോലെ തന്നെയാണ് എഴുതിയത്. സഹോദരനെന്ന് കരുതിയ ആള്‍ക്കുവേണ്ടി. സമൂഹം മുഴുവനും അയാളെക്കുറിച്ച് മോശം പറഞ്ഞപ്പോള്‍ എന്റെ തോളിലെടുത്തു നടന്നവനാണ്. അവനുവേണ്ടിയാണ് രണ്ടാമത്തെ പടം എടുത്തത്.

2018 ൽ തുപ്പറിവാളൻ ആദ്യ ഭാഗം റിലീസ് ചെയ്തു. സിനിമയുടെ ക്ലൈമാക്സ് വലിയ ഫൈറ്റ് ആണ്. മൂന്ന് അസിസ്റ്റന്റ് ഡയറക്ടേർസിനെ വച്ച് ഞാൻ ഒറ്റയ്ക്കാണ് ന്നെയാണ് ത് ഷൂട്ട് ചെയ്തത്. അവസാന നാളുകളിൽ ഷൂട്ടിന് പണമില്ല. നാല് ദിവസം കൊണ്ട് തീര്‍ക്കേണ്ട ക്ലൈമാക്‌സ് ഫൈറ്റ് ആറ് മണിക്കൂര്‍ കൊണ്ട് തീര്‍ത്താണ് തുപ്പരിവാലന്‍ ആദ്യഭാഗം റിലീസ് ചെയ്തത്. പടം വിജയമായി. തുടര്‍ച്ചയായി വിശാലിന്റെ മൂന്ന് സിനിമ ഫ്‌ളോപ്പായിരുന്ന സമയത്താണ് തുപ്പരിവാലന്‍ വന്‍വിജയമായത്. മൂന്ന് കോടി രൂപയാണ് ആ സിനിമയ്ക്ക് പ്രതിഫലമായി ലഭിച്ചത്. 

ഒന്നര വർഷങ്ങൾക്കു ശേഷം തുപ്പരിവാലന്‍ ടു എഴുതി തുടങ്ങി. തമിഴിൽ മാത്രമല്ല പാന്‍ ഇന്ത്യന്‍ സിനിമയാക്കാമെന്നായിരുന്നു ആലോചിച്ചിരുന്നത്. കൊഹിനൂര്‍ ഡയമണ്ടുമായി ബന്ധപ്പെട്ടായിരുന്നു ആ സിനിമ. സൗത്ത് ഇന്ത്യയിലും നോര്‍ത്ത് ഇന്ത്യയിലും സ്വീകാര്യത കിട്ടുമെന്നത് മുന്‍നിര്‍ത്തിയായിരുന്നു ആ സിനിമ. കാരണം അതിൽ ഒരു ചരിത്രമുണ്ടായിരുന്നു. പല ഭാഷകളിൽ ഡബ്ബ് ചെയ്യണമെന്നും പറഞ്ഞു. ആ കഥ പൂര്‍ത്തിയായപ്പോള്‍ ഒരു നിര്‍മാതാവും വന്നു. കഥ അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടു. എനിക്ക് അഡ്വാന്‍സ് തന്നു. 

അതിനുശേഷം വിശാലിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു. ബാത്തറൂമിൽ പോയി കരഞ്ഞു വന്ന ശേഷം വീണ്ടും എന്നെ കെട്ടിപ്പിടിച്ചു.  ‘ഇതു മതി എനിക്ക്, ഈ സിനിമ കൊണ്ട് എന്റെ എല്ലാ കടവും വീട്ടുമെന്നാണ് വിശാൽ പറഞ്ഞത്. മൂന്നാം ദിവസം ഈ സിനിമ ഞാന്‍ നിര്‍മിക്കാമെന്ന് വിശാല്‍ പറഞ്ഞു. അന്ന് തുടങ്ങിയതാണ് എന്റെ തലവിധി. എന്നാൽ ഈ സിനിമയ്ക്ക് 20 കോടി വരെ ചിലവു വരുമെന്ന് അന്നേ ഞാൻ വിശാലിനോട് പറഞ്ഞിരുന്നു.

നിനക്ക് കടമുള്ളത് കൊണ്ട് ഈ സിനിമ നിര്‍മിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. സിനിമ പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് ഇരുപത് കോടിയെങ്കിലും ആകും. അടുത്ത മാസം റിലീസ് ചെയ്യുന്ന ആക്‌ഷന്‍ എന്ന സിനിമ നല്ല രീതിയില്‍ ഓടിയില്ലെങ്കില്‍ കടം വീണ്ടും കൂടുമെന്നും ഞാന്‍ പറഞ്ഞു. ഈ പടത്തിൽ നീ തൊടേണ്ട എന്നു പറഞ്ഞു. എന്നാൽ പടം ചെയ്യുമെന്ന് വിശാൽ ഉറപ്പിച്ചു. വേറെ നിർമാതാക്കളെ വച്ച് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ ഒറ്റയ്ക്ക് തന്നെ ചെയ്യാം, അത് തനിക്ക് പല രീതിയിൽ ഗുണം ചെയ്യുമെന്നായിരുന്നു മറുപടി.

അപ്പോൾ ഞാൻ പറഞ്ഞു, ഈ കഥ തുപ്പരിവാലന്‍ ത്രീ ആയി ചെയ്യാം. തുപ്പരിവാലന്‍ രണ്ടാം ഭാഗം ചെന്നൈയില്‍ നടക്കുന്ന രീതിയില്‍ 10 കോടിക്ക് പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞു. ഇല്ല അത് പറ്റില്ല ഈ സിനിമ ചെയ്താൽ മതിയെന്ന് വിശാൽ പറഞ്ഞു. സിനിമയ്ക്കായി നിരവധി വിദേശ സ്ഥലങ്ങൾ സന്ദർശിച്ചു. ഞാൻ ആദ്യമായാണ് യുകെയിൽ പോയത്. ലൊക്കേഷൻ കണ്ടാണ് തിരക്കഥ എഴുതിയത്. അതിനായി ഏഴ് ലക്ഷത്തി അൻപതിനായിരം ആണ് ഞാ‍ൻ ആവശ്യപ്പെട്ടത്. ചിലവാക്കിയത് ഏഴ് ലക്ഷം രൂപ. 

ഇന്നലെ പത്രക്കാരെല്ലാം എന്നെ വിളിച്ചു. എല്ലാ പത്രത്തിലും വന്നിരിക്കുന്നത് തിരക്കഥ എഴുതാൻ മാത്രം 35 ലക്ഷം ചെലവായി എന്നാണ്.  അത് അവൻ തെളിവു സഹിതം തെളിയിക്കണം. ഞാൻ സംവിധായകൻ മാത്രമല്ല ഒരു നിർമാതാവ് കൂടിയാണ്. 35 ലക്ഷം ചെലവാക്കി തിരക്കഥ എഴുതുന്നവന് സംവിധായകനാവാൻ യോ​ഗ്യതയില്ല. എനിക്കൊരു ബാങ്ക് കാർഡ് വിശാൽ തന്നിരുന്നു. ആ കാർഡ് വഴിയാണ് പൈസ ചിലവാക്കിയത്. അതിന്റെ തെളിവ് എന്റെ കൈയ്യിലുണ്ട്. 

13 കോടി രൂപ ഇതുവരെ ചെലവാക്കിയെന്നാണ് വിശാല്‍ പറഞ്ഞത്. 32 ദിവസം ഈ സിനിമ ഞാൻ ചിത്രീകരിച്ചു. ഒരു ദിവസത്തിനായി 15 ലക്ഷം രൂപ ചിലവാക്കിയെന്ന് പറഞ്ഞു. അങ്ങനെ ചേർത്താൽ പോലും നാലു കോടി ആവുകയൊള്ളൂ. എന്റെ പ്രതിഫലവും മറ്റു ചെലവുകളും കൂട്ടിയാൽ പോലും 10 കോടിയിൽ കൂടുതൽ ആവില്ല. ഇതും അദ്ദേഹം തെളിയിക്കണം. വിദേശത്ത് പോയി പെട്ടന്ന് സിനിമ ചെയ്യാൻ സാധിക്കുകയില്ല. നമ്മൾ അവിടെ പോയി വേറെ കമ്പനി തുടങ്ങേണ്ടി വരും. യുകെയില്‍ പുട്ടൂര്‍ അമ്മന്‍ എന്ന കമ്പനിയെയാണ് നിര്‍മാണം ഏല്‍പ്പിച്ചത്. ആ കമ്പനിക്ക് എത്ര രൂപ വിശാല്‍ ഫിലിം ഫാക്ടറി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് നോക്കിയാല്‍ കാര്യങ്ങള്‍ അറിയാം. എല്ലാ സ്ഥലത്തും ഞാൻ അപമാനിക്കപ്പെട്ടു. 

ഞാന്‍ മകനായും അനിയനായും കണക്കാക്കിയവന്‍ എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചു. നിങ്ങൾ ഇത് വിശ്വസിക്കില്ലായിരിക്കും. എന്റെ കൈയ്യിൽ തെളിവുണ്ട്. അവൻ സംസാരിച്ചതിന്റെ റെക്കോഡ് എന്റെ കയ്യിലുണ്ട്. 

ഞാന്‍ അവന് എന്ത് ദ്രോഹമാണ് ചെയ്തത്. നല്ല കഥ എഴുതിക്കൊടുത്തത് ആണോ ഞാന്‍ ചെയ്ത തെറ്റ്. ഒരു പ്രൊഡ്യൂസറും എനിക്ക് സിനിമ കൊടുക്കരുതെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ ഒരു നിര്‍മാതാവിന്റെ മകനാണ്, ഞാന്‍ ദരിദ്രനായ ഒരു തയ്യല്‍ക്കാരന്റെ മകനായും. ഒരു വെള്ള പേപ്പറും പെന്‍സിലും കിട്ടിയാല്‍ എനിക്ക് കഥ എഴുതാനാകും. അതുമല്ലെങ്കില്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി സിനിമാ പഠിപ്പിക്കാനാകും. ഇല്ലെങ്കിൽ ഹോട്ടലിൽ ജോലി ചെയ്യും. റോഡിൽ പാടി, കഥ പറഞ്ഞ് എനിക്ക് പത്ത് രൂപയുണ്ടാക്കാൻ എനിക്കാവും സമ്പാദിക്കും. എന്നാലും പിച്ച എടുക്കില്ല. 

എന്റെ സിനിമകള്‍ പറയും ഞാന്‍ ആരാണെന്ന്. ഒരു പിശാചിനെ ദേവത ആക്കിയവനാണ് ഞാൻ. സൈക്കോയിൽ പതിനാല് കൊല ചെയ്തവനോട് ക്ഷമിക്കണമെന്ന് പറഞ്ഞവൻ ഞാൻ. എന്റെ സിനിമകളിലൂടെ അറിയാം നിങ്ങൾക്ക് എന്നെ. എന്നെക്കുറിച്ച് നീ പറയണ്ട. എട്ട് മാസം ആലോചിച്ച്, 32 ദിവസം ഷൂട്ട് ചെയ്ത സിനിമയുടെ സംവിധാനമാണ് ഞാന്‍ കൈമാറിയത്. ഇപ്പോൾ സിനിമയുടെ ഫസ്റ്റ്ലുക്ക് പെട്ടന്ന് റിലീസ് ചെയ്തത് എന്തുകൊണ്ട്. പത്ത് ദിവസം തുടർച്ചയായി എന്റെ ഓഫിസിൽ വന്ന് തിരക്കഥയുടെ എൻഒസി തരൂ തരൂ എന്ന് പറഞ്ഞ് വിലപിക്കുകയായിരുന്നു. എന്റെ അനിയൻ പറഞ്ഞു, ‘എടുത്ത് കൊടുക്ക് അണ്ണാ’.

നിര്‍മാതാക്കളുടെയും സംവിധായകരുടെയും സംഘടനയില്‍ ഞാന്‍ പരാതിയുമായി പോയിരുന്നെങ്കില്‍ അവന്‍ ഇന്ന് പോസ്റ്റര്‍ ഇറക്കുമായിരുന്നോ?.  അവന്‍ ഇപ്പോള്‍ അഭിനയിക്കുന്ന എന്ന സിനിമ പ്രശ്‌നത്തിലായപ്പോള്‍ ഞാനാണ് കഥ മാറ്റിയത്. ഇത്രയും ചെയ്തിട്ടും എന്നെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞത്. അവനൊക്കെ ഒരു കഥ എഴുതാൻ കഴിയുമോ?. അടുത്ത് ഒരു സിനിമ വിശാൽ ഒപ്പിട്ടിരുന്നു. പുതിയൊരു പയ്യനായിരുന്നു സംവിധാനവും കഥയും. ആ കഥ എന്നോട് കൂടി പങ്കുവയ്ക്കാൻ വിശാൽ ആവശ്യപ്പെട്ടു. കഥ കേട്ട ശേഷം ഞാൻ കുറച്ച് തിരുത്തലുകൾ പറഞ്ഞു. അതിനു ശേഷമാണ് ആ സിനിമക്ക് ചക്ര എന്നു പേരിട്ടത്. ഇതൊക്കെ ഞാൻ െചയ്തു. ഇവന് ടോള്‍സ്‌റ്റോയി ആരാണെന്ന് അറിയാമോ, പൊറുക്കി പയ്യനാണ് അവന്‍. നീ എംജിആറോ കലൈഞ്ജറോ അല്ല വെറും പൊറുക്കി പയ്യനാണ്. നിന്നെ ഈ സമൂഹം കാണുന്നുണ്ട്.  നീ പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ എന്താണ് ചെയ്തതെന്ന് എനിക്ക് അറിയാം. നോമിനേഷൻ പോലും എന്താണെന്ന് അവന് അറിയില്ല. 

നീ എത്തരത്തിലുള്ള ആളാണെന്ന് സമൂഹം മനസിലാക്കും. നിന്റെ ജീവിതം പറയും നീ ആരാണെന്ന്. നിന്റെ കുടുംബത്തോട് ചോദിച്ചാൽ അറിയാം ഞാൻ എങ്ങനെയാണ് നിന്നോട് പെരുമാറിയതെന്ന്. സുഹൃത്തുക്കളോട് ചോദിച്ച് നോക്കൂ എന്നെക്കുറിച്ച്. എന്റെ നിര്‍മാതാക്കളോട് ചോദിച്ചാല്‍ അറിയാം ഞാന്‍ എങ്ങനെയുള്ള സംവിധായകനാണെന്ന്. കാര്യമില്ലാതെ എന്റെ അനിയനെ തല്ലിയവനാണ് വിശാല്‍. എന്റെ അമ്മയെ വേശ്യയെന്ന് വിളിക്കുമ്പോള്‍ എങ്ങനെ സിനിമ ഉപേക്ഷിക്കാതിരിക്കും. 

ഒന്നരവർഷം മുമ്പുള്ള അതേ ശമ്പളത്തെ കേട്ടതിനാണ് ഈ ബഹളമൊക്കെ. പ്രതിഫലത്തിന്റെ കാര്യം ചോദിച്ചപ്പോൾ തുപ്പറിവാളൻ സിനിമ ഓടിയില്ലെന്ന് വിശാൽ എന്നോടു പറഞ്ഞു, പിന്നെ എന്തിനാണ് സിനിമയുടെ രണ്ടാം ഭാഗമെന്ന് ഞാന്‍ ചോദിച്ചു. കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണെന്ന് പറഞ്ഞു. സൈക്കോ തിയറ്ററുകളിൽ നന്നായി ഓടിയതാണ് അത് നോക്കിയെങ്കിലും പ്രതിഫലം തരണമെന്ന് പറഞ്ഞു. സൈക്കോ തിയറ്ററുകളിൽ ഓടിയെന്ന് നിങ്ങൾ മാത്രമാണ് പറയുന്നതെന്നായിരുന്നു വിശാലിന്റെ മറുപടി. പിന്നെ എനിക്ക് ഒന്നും സംസാരിക്കാൻ തോന്നിയില്ല. പക്ഷേ വിശാൽ വൃത്തിെകട്ട രീതിയിൽ സംസാരിച്ചു. കുടുംബത്തെ മോശം പറഞ്ഞു, എതിർക്കാൻ നോക്കിയ എന്റെ അനിയനെ തല്ലി. എന്റെ അമ്മയെ വേശ്യ എന്നു വിളിച്ചു. 

മൂന്ന് വർഷം അവനെ അനിയാ എന്നു വിളിച്ചു നടന്നതുകൊണ്ടാണ് പരാതിക്ക് ഒന്നും പോകാതിരുന്നത്. ഈ തമിഴ്നാട്ടിൽ ഞാൻ ഒരുത്തൻ മാത്രമാണ് അവനെ നന്നായി നോക്കിയത്. ഇതൊരു തമിഴന്റെ കോപമാണ്. നിന്റെ ആരോപണങ്ങൾ ഒന്നും എന്നെ തളർത്തില്ല. കണ്ണിനു കാഴ്ച നഷ്ടപ്പെട്ടാൽ പോലും കഥ എഴുതി ജീവിക്കും. ഡേയ് തമ്പീ വിശാൽ, നിനക്ക് പണി വരുന്നുണ്ട്. ഇത് തുടക്കം. ഇനി നിനക്ക് ഉറക്കമില്ല. യുദ്ധം തുടങ്ങിക്കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com