

ദോഹ: പശുവിന്റെ പേരിൽ രാജ്യത്തുണ്ടായ പ്രശ്നങ്ങൾക്ക് പുറമെ സിനിമകളില്‍ പശുവിനെ കാണിക്കുന്നത് പോലും ചിലപ്പോള്‍ പ്രശ്നമാകുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്ക്കുന്നന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണൻ. സ്വയം സെന്‍സര്‍ഷിപ്പിന് വിധേയമാകാന്‍ ഏവരും നിര്‍ബന്ധിതരാകുന്നുവെന്നതാണ് ഇന്നത്തെ ഇന്ത്യയിലെ സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദോഹയിൽ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അടൂർ.
ഏതെങ്കിലും ഒരു സിനിമ പൂര്‍ത്തിയായി അതന്റെ പരിശോധന നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ സ്ക്രീനില്‍ എവിടെയെങ്കിലും ഒരു പശുവിനെ കാണുകയാണെങ്കില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ആശങ്കയാണിപ്പോൾ. രാഷ്ട്രീയ വിമര്‍ശനങ്ങളും സാമൂഹിക പശ്ചാത്തലവുമെല്ലാം സിനിമയിലെത്തുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അതില്‍ വലിയ ഇടപെടൽ നടത്തുകയാണ്- അടൂർ പറഞ്ഞു.
അല്ലെങ്കില്‍ സിനിമാ പ്രവര്‍ത്തകന്‍തന്നെ അപകടം മുന്‍കൂട്ടി കണ്ട് സ്വയം സെന്‍സറിന് തയാറാകുന്നു. എന്നാല്‍, അക്രമവും ക്രൂരമായ പീഡന ദൃശ്യങ്ങളും വയലന്‍സും സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനോ അവക്ക് പ്രോത്സാഹനം നല്‍കുന്നതിനോ ആര്‍ക്കും ഒരു പ്രശ്നവുല്ല. വീണ്ടുവിചാരമില്ലാത്ത പല തീരുമാനങ്ങളും നയങ്ങളുമാണ് നമ്മുടെ രാജ്യത്തെ ഈ ഗതിയിലെത്തിച്ചതെന്നും ഇതുവഴി മൂല്യവര്ത്തികളായ സിനിമകള്‍ നമുക്ക് നഷ്ടമാവുകയാണെന്നും അടൂര്‍ പറഞ്ഞു. സ്വതന്ത്ര രാജ്യത്ത് സെന്‍സര്‍ഷിപ് എന്ന ഒരു കണ്‍സപ്റ്റ് തന്നെ എടുത്തുകളയേണ്ടതാണെന്ന് ഞാന്‍ മുമ്പ്തന്നെ വാദിച്ചിട്ടുണ്ട്, ഇതിനുവേണ്ടി ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ സിനിമക്കകത്തുള്ളവരുടെതന്നെ എതിര്‍പ്പിനെ തുടര്‍ന്ന് അതു വിജയിച്ചില്ല. ഇന്ന് കാണുന്ന കടുത്ത തരത്തിലുള്ള ഇത്തരം സെന്സര്ഷിപ്പുകളിലേക്ക് സ്ഥിതിഗതികള്‍ എത്തിച്ചതില്‍ സിനിമക്കാരുടെ തന്നെ പങ്ക് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അടുത്തകാലത്തായി സാധാരണ മനുഷ്യരുടെ ജീവിതവും ചുറ്റുപാടും പറയുന്ന മികച്ച ചിത്രങ്ങള്‍ പുറത്തുവരുന്നുണ്ട്. സുഡാനിയുള്പ്പെടെയുള്ള ചിത്രങ്ങള്‍ അത്തരത്തില്‍പ്പെട്ടതാണ്. പഴയകാലത്ത് സാധാരണക്കാരന്റെ കഥകള്‍ പറയുന്ന, അവരെ നേരിട്ട് ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് വലിയ ജനകീയത ലഭിച്ചിരുന്നില്ല. എന്നാല്‍, ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. ഈ മാറ്റത്തിന് 50 വര്‍ഷമെങ്കിലും എടുത്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോഴത്തെ പല മലയാള സിനിമകളും ഇറാനിയന്‍ സിനിമകളുടെ സ്വാധീനം കാണാന്‍ കഴിയും. എന്നാല്‍ സിനിമയെ പറ്റിവലിയ ധാരണയില്ലാത്ത ആളുകളും സിനിമയുമായി ഇറങ്ങിയിട്ടുണ്ടെന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തനിക്ക് നേരിട്ടുതന്നെ ഇതിന്റെ അനുഭവം ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയ എന്നത് ആൻറി സോഷ്യല്‍ മീഡിയ ആയി ക്കൊണ്ടിരിക്കുകയാണെന്നും പൗരധര്‍മം എന്നത് എന്താണെന്നറിയാത്ത കാലത്ത് ഇതൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates