ദോഹ: നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്ന മൈനയെ പേടിയോടെയാണ് ഗൾഫ് രാജ്യങ്ങൾ കാണുന്നത്. മറ്റു പക്ഷികളെ ആക്രമിച്ചും,വിളകൾ നശിപ്പിച്ചും, സ്വാഭാവിക പരിസ്ഥിതിക്ക് ആഘാതമായി മാറുന്ന മൈനകൾ കാരണം വലിയ സാമ്പത്തിക
നഷ്ടമാണ് വിവിധ ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടാകുന്നത്. ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ നേരത്തെ ഒമാൻ സ്വീകരിച്ചിരുന്നു. 2022മുതൽ ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി 88,365 മൈനകളെയും 73,046 കാക്കകളെയുമാണ് ഒമാൻ ഇല്ലാതാക്കിയത്. ഇതേ മാർഗമാണ് ഖത്തറും സ്വീകരിച്ചിരിക്കുന്നത്.
മൈനകളെ ഇല്ലാതാക്കാൻ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 35,838 എണ്ണത്തിനെ ഇതുവരെ പിടികൂടിയതായി ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വിഭാഗം അറിയിച്ചു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 9416 പക്ഷികളെയാണ് പിടികൂടിയത്. നിലവിൽ 611 കൂടുകളാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മൈനകളെ പിടിക്കാനായി ഒരുക്കിയിരിക്കുന്നത്. മൈനകളെ നിരീക്ഷിച്ച ശേഷം കൂടുതൽ സ്ഥലങ്ങളിൽ ഇവയ്ക്കായുള്ള കെണികൾ ഒരുക്കാനാണ് സർക്കാർ ശ്രമം.
കാഴ്ചയിൽ നിസ്സാരക്കാരൻ ആണെന്ന് തോന്നുമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല. ഇവയുടെ ആക്രമണ സ്വഭാവം മറ്റു പക്ഷിവർഗങ്ങളുടെ നിലനില്പിന് ഭീഷണിയാണ്. ഫാമുകളിലും തോട്ടങ്ങളിലും വിളകൾ നശിപ്പിക്കുന്നതിനൊപ്പം തന്നെ പകർച്ചവ്യാധികൾ ഉൾപ്പെടെ രോഗങ്ങളും ഇവ പടർത്തും. മൈനകളെ നിരീക്ഷിക്കാനും പിടികൂടാനും ഇവയുടെ വളർച്ച നിയന്ത്രിക്കാനും വേണ്ടി ഒരു ഫീൽഡ് വർക്ക് സംഘത്തെയും ഖത്തർ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates