മനാമ: ലഹരിക്കടിമയായ രോഗിക്ക് മയക്ക് മരുന്ന് നൽകിയ സംഭവത്തിൽ നഴ്സിന് തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വന്നിരുന്ന ഒരു പുരുഷ സൈക്യാട്രിക് നഴ്സിനെയാണ് കോടതി മൂന്ന് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതിനു പുറമെ 1,000 ബഹ്‌റൈൻ ദിനാർ പിഴയും ഇയാൾ അടയ്ക്കണം.
ആശുപത്രിയിൽ എത്തിച്ച അന്ന് മുതൽ ഇയാൾ രോഗിക്ക് മയക്കു മരുന്നുകൾ നൽകിയിരുന്നു. തുടർന്ന് രോഗി ആശുപത്രി വിട്ട ശേഷം അയാളുടെ വീട്ടിലെത്തി നേഴ്സ് ലഹരി കൈമാറുമായിരുന്നു. ഒരു ദിവസം വീട്ടിലെ കാറിൽ നിന്ന് പുകയും അസഹനീയമായ മണവും ഉയർന്നതോടെയാണ് രോഗിയുടെ മകന് സംശയം തോന്നിയത്. പിന്നീട് പ്രതി വീട്ടിലെത്തുന്നതും ലഹരി കൈമാറുന്നതും മകൻ കണ്ടെത്തി. ഇതേതുടർന്ന് ഇയാൾ 39 വയസ്സുകാരനായ പ്രതിക്കെതിരെ ആശുപത്രിയിൽ പരാതി നൽകി.
ആശുപത്രി അധികൃതർ പൊലിസിനെ വിവരം അറിയിച്ചു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ലഹരി ആസക്തിയുള്ള രോഗികളെ കണ്ടെത്തി ഉയർന്ന വിലക്ക് മയക്കുമരുന്നുകൾ എത്തിച്ചു നൽകുന്നത് പ്രതിയുടെ സ്ഥിരം രീതിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടത്തി.
നേരത്തേ വ്യക്തിഗത ഉപയോഗത്തിനായി മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രതിക്കെതിരെ കേസെടുത്തിരുന്നു. രോഗിയുടെ ആരോഗ്യം പരിഗണിക്കാതെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതടക്കം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates