

ദോഹ: ഖത്തറില്‍ ഡിസംബര്‍ മുതല്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം. നിരത്തുകളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നിയമങ്ങളില്‍ മാറ്റം കൊണ്ടുവരുന്നത്. റോഡുകളില്‍ അനാവശ്യമായി വളരെ സാവധാനം വാഹനം ഓടിക്കുന്നവര്‍ക്കും, അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കു എതിരെ പിഴയും മറ്റ് നിയമനടപടികളും ശക്തമാക്കും. പുതിയ ട്രാഫിക് നിയമം ഡിസംബര്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരും.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ട്രാഫിക് നിയമ ലംഘനമാണ്.
ഡ്രൈവിംഗിനിടെ വാഹനത്തിലെ ടെലിവിഷന്‍ സ്ക്രീനുകളില്‍ ദൃശ്യങ്ങള്‍ കാണുന്നതും അനുവദനീയമല്ല. ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ 500 ഖത്തര്‍ റിയാല്‍ പിഴ ചുമത്തും. കൂടുതല്‍ ഗുരുതരമായ ലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവോ 10,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ ലഭിക്കാം. ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്നവരുടെ വാഹനം കോടതി ഉത്തരവിലൂടെ കണ്ടുകെട്ടാനും സാധ്യതയുണ്ട്.
ഹൈവേകളില്‍ കുറഞ്ഞ വേഗത പരിധിയും കൂടിയ വേഗത പരിധിയും പാലിക്കണമെന്ന് ഖത്തറിലെ പുതിയ ട്രാഫിക് നിയമം അനുശാസിക്കുന്നു. ഇതിനായുള്ള കൃത്യമായ വേഗത പരിധികള്‍ എക്സിക്യൂട്ടീവ് റെഗുലേഷനുകളിലൂടെ തീരുമാനിക്കും.
ഇലക്ട്രിക് സ്കൂട്ടറുകളും സമാനമായ വാഹനങ്ങളും റോഡില്‍ ഉപയോഗിക്കുന്നതിന് മുന്‍പായി ഖത്തറിലെ ലൈസന്‍സിങ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഉടമകള്‍ നിശ്ചിത രജിസ്ട്രേഷന് ഫീസ് അടയ്ക്കുകയും, അതോറിറ്റി നല്കുന്ന നമ്പര്‍ പ്ലേറ്റ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
വാഹനം സഞ്ചരിക്കുമ്പോള്‍ ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് പുതിയ ട്രാഫിക് നിയമം നിര്‍ബന്ധമാക്കുന്നു. കൂടാതെ, 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മുന്‍സീറ്റില്‍ ഇരിക്കുന്നതും ഈ നിയമം നിരോധിക്കുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ, കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുകയോ ചെയ്താല്‍ 500 ഖത്തര്‍ റിയാല്‍ പിഴ ലഭിക്കും.
മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി പുതിയ ട്രാഫിക് നിയമം 21 വയസ്സായി ഉയര്‍ത്തി. ലൈസന്‍സ് ലഭിക്കുന്നതിന് ആരോഗ്യ യോഗ്യത
ഗതാഗത നിയമത്തിലെ 71-ാം വകുപ്പ് പ്രകാരം, ട്രാമുകള്‍ക്ക് സമീപം വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ട്രാം പോകുന്നതിന് പിന്നില്‍ കുറഞ്ഞത് അഞ്ച് മീറ്റര്‍ അകലം പാലിക്കണം. ട്രാം പോകുന്നതിന് മുന്നില്‍ അനാവശ്യമായി വാഹനം നിര്‍ത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യരുത്. കൂടാതെ, ട്രാം പോകുമ്പോള്‍ ഇരുവശങ്ങളില്‍ നിന്നും അതിനെ മറികടക്കാന്‍ പാടില്ല. ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവോ, 20,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
ട്രാം പാതകളില്‍ വാഹനം പാര്‍ക്ക് ചെയ്യാനോ, ട്രാം കടന്നുപോകുന്നതിന് തടസ്സമാകും വിധം പാതയ്ക്ക് സമീപം വാഹനം നിര്‍ത്താനോ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ, 10,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കാം. നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ 'ക്ലാംപ്' വാഹനം നീക്കം ചെയ്യുകയോ ചെയ്തേക്കാം.
ഗതാഗത സിഗ്നലുകള്‍ക്ക് വിരുദ്ധമായി ട്രാം പാത മുറിച്ചുകടക്കുന്നത് 64-ാം വകുപ്പ് പ്രകാരം നിരോധിച്ചിരിക്കുന്നു. 114-ാം വകുപ്പ് അനുസരിച്ച്, ഇത് ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ, 6,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
ഔദ്യോഗിക അനുമതിയില്ലാതെ വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വരുത്തുന്നതിന് ഖത്തറിലെ പുതിയ ഗതാഗത നിയമം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 30-ാം വകുപ്പ് പ്രകാരം, വാഹനങ്ങളില്‍ എഴുത്തുകള്‍, ചിത്രങ്ങള്‍, സ്റ്റിക്കറുകള്‍, ചിഹ്നങ്ങള്‍ അല്ലെങ്കില്‍ മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ ചേര്‍ക്കുന്നതിന് മുന്‍കൂട്ടി ലൈസന്‍സിങ് അതോറിറ്റിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതുണ്ട്. പരസ്യങ്ങള്‍ക്കായി വാഹനം ഉപയോഗിക്കുന്നതിനും (പ്രൊമോഷണല്‍ ബോര്‍ഡുകള്‍, മാതൃകകള്‍, ഓഡിയോ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ) ഈ നിയമം ബാധകമാണ്.
ഈ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ, 10,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
കുട്ടികളെയോ സഹായം ആവശ്യമുള്ള വ്യക്തികളെയോ വാഹനത്തില്‍ ഒറ്റക്കിരുത്തരുത്, 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍ അല്ലെങ്കില്‍ പ്രത്യേക പരിചരണം ആവശ്യമുള്ള പ്രായമായവര്‍ എന്നിവരെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാല് മൂന്ന് വര്‍ഷം വരെ തടവോ 20,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ ലഭിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates