

അബുദാബി: വാഹന വിൽപ്പന കരാർ ലംഘിച്ച വ്യക്തിക്കെതിരെ നടപടിയുമായി അബുദാബി കോടതി. കരാർ പ്രകാരമുള്ള 20,000 ദിർഹം ഉടൻ തന്നെ നൽകണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ വാഹനം കൈമാറിയ ശേഷം പുതിയ വാഹന ഉടമ നടത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴ മുൻ വാഹന ഉടമ തന്നെ അടയ്ക്കണമെന്നും കോടതി പറഞ്ഞു. കൃത്യസമയത്ത് ഉടമസ്ഥാവകാശം കൈമാറാൻ മുൻ ഉടമയ്ക്ക് സാധിക്കാത്തത് കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.
വാഹനം കൈമാറിയ അന്ന് മുതൽ പുതിയ ഉടമ നടത്തിയ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയായി വന്നത് 2,680 ദിർഹമാണ്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തത് കൊണ്ട് തന്നെ മുൻ വാഹന ഉടമയുടെ പേരിൽ ഈ പിഴകൾ ചുമത്തുകയും ചെയ്തു. പിന്നീട് വാഹനം രജിസ്റ്റർ ചെയ്യുന്ന നടപടികൾക്കായി സർക്കാർ ഓഫീസുകളെ സമീപിച്ചപ്പോൾ ഈ പിഴ നൽകാതെ വാഹനം രജിസ്റ്റർ ചെയ്തു നൽകാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനെതിരെ ആണ് ഉടമ കോടതിയെ സമീപിച്ചത്.
തനിക്ക് തരാനുള്ള 20,000 ദിർഹം രൂപയും പിഴയായി വന്ന തുകയും കോടതി ചെലവുകളും ചേർത്ത് 4000 ദിർഹവും പുതിയ ഉടമയിൽ നിന്ന് ഈടാക്കി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ പരാതിക്കാരന് വാഹനം വിറ്റ സമയത്ത് ഉടമസ്ഥാവകാശം മാറുന്നതിനായി ബന്ധപ്പെട്ട അധികൃതരെ രേഖകള്‍ സഹിതം സമീപിച്ചില്ല. ഇക്കാര്യത്തില്‍ പരാതിക്കാരന് വീഴ്ച സംഭവിച്ചതായും കോടതി കണ്ടെത്തി. ഇതോടെ ഈ പിഴത്തുക മുൻ ഉടമ തന്നെ അടയ്ക്കണമെന്നും വിൽപ്പന കരാർ പ്രകാരമുള്ള തുക ഇപ്പോഴത്തെ ഉടമ ഉടൻ നൽകണമെന്നും കോടതി ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates