അബുദാബി: രാജ്യത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ നിയന്ത്രിക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും. ക്യു മൊബിലിറ്റിയാണ് പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്. പാർക്കിങ് മേഖലയിലെ വിവിധ തരത്തിലുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന തരത്തിലാണ് എ ഐ സംവിധാനം പ്രവർത്തിക്കുന്നത്.
വാഹനങ്ങളുടെ പാർക്കിങ് നിരീക്ഷിക്കുക, പാർക്കിങ് ഫീസ് ഓട്ടമാറ്റിക്കായി ഈടാക്കുക, ഒഴിവായി കിടക്കുന്ന പാർക്കിങ് ഇടങ്ങൾ കണ്ടെത്തുക,പാർക്കിങ് സംബന്ധിച്ചു തത്സമയ വിവരങ്ങൾ വാഹനങ്ങളുമായി എത്തുന്നവർക്ക് നൽകുക തുടങ്ങിയ കാര്യങ്ങളാണ് എ ഐ ഉപയോഗിച്ച് ചെയ്യുന്നത്.
പാർക്കിങ് പരിശോധിക്കാൻ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലാണ് ഈ എ ഐ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. അവരുടെ വാഹനം സഞ്ചരിക്കുന്നതിനൊപ്പം തന്നെ പാർക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ എ ഐ മെഷീൻ ശേഖരിച്ചു തത്സമയം തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അയച്ചു നൽകും.
ആദ്യ ഘട്ട പരീക്ഷണത്തിന് ശേഷം പ്രവേശന കവാടത്തിൽ തന്നെ എഐ ക്യാമറകൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കവാടത്തിലൂടെ കടന്നു പോകുമ്പോൾ തന്നെ വാഹനങ്ങളുടെ നമ്പറുകൾ സ്കാൻ ചെയ്യുകയും വാഹനങ്ങൾ ഇറങ്ങുമ്പോൾ പാർക്കിങ് സമയം പരിശോധിച്ച് കൃത്യമായി ബിൽ നൽകുകയും ചെയ്യും. ഈ തുക ദർബ് പോലെയുള്ള പേയ്മെന്റ് ചാനലുകൾ വഴി ഈടാക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനും കമ്പനിയുടെ പ്രവർത്തന ചെലവ് കുറക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
