മനാമ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്നു. ഒരു തസ്തികയിലേക്ക് നിയമനം നടത്തും മുൻപ് യോഗ്യരായ സ്വദേശികൾ ഉണ്ടോ എന്ന് തൊഴിൽ മന്ത്രാലയം പരിശോധിക്കണം. യോഗ്യരായ 30 ബഹ്‌റൈൻ പൗരന്മാർ ഉണ്ടെങ്കിൽ വിദേശികളെ ആ തസ്തികയിൽ നിയമിക്കാൻ പാടില്ല എന്നാണ് പുതിയ നിയമം.
പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിൽ അഞ്ച് എം.പിമാർ ചേർന്ന് ഈ വിഷയത്തിൽ സഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയം പാർലമെന്‍റ് ഐകകണ്ഠ്യേന അംഗീകാരം നൽകി തുടർ നടപടികൾക്കായി മന്ത്രിസഭക്ക് കൈമാറുകയും ചെയ്തു.
പുതിയ നിർദേശ പ്രകാരം ഒഴിവ് വരുന്ന തസ്തികയിൽ യോഗ്യരായ പൗരന്മാർ ഉണ്ടോയെന്ന് തൊഴിൽ മന്ത്രാലയം പരിശോധിക്കണം. 30ൽ അധികം തൊഴിൽരഹിതരായ സ്വദേശികൾ ഉണ്ടെങ്കിൽ വിദേശികളെ നിയമിക്കുന്നതിന് കമ്പനികൾക്ക് അനുമതി നൽകരുത്. തസ്തികയിൽ സ്വദേശികളെ നിയമിക്കാൻ കമ്പനികൾക്ക് നിർദേശം നൽകണം.
പുതിയ നടപടിയിലൂടെ രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. അതിനൊപ്പം തന്നെ ദാരിദ്ര്യ നിരക്ക് കുറക്കാനും, ദേശീയ ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായകരമാകുമെന്നും എംപിമാർ അവകാശപ്പെട്ടു.
വിദേശ തൊഴിലാളികൾ വഴി പണം രാജ്യത്തിന് പുറത്തേക്ക് പോകുന്നത് കുറയ്ക്കാനും കൂടുതൽ വരുമാനം രാജ്യത്തിനകത്ത് നിലനിർത്താൻ ഈ നീക്കം സഹായിക്കുമെന്നുമാണ് മറ്റൊരു അവകാശ വാദം. പുതിയ നിർദേശം നടപ്പിലാക്കിയാൽ പ്രവാസികൾക്ക് തിരിച്ചടിയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates