

ദുബൈ: യുഎഇയില്‍ നാളെ മുതല്‍ ജീവിത ചെലവ് ഏറും. പാര്‍ക്കിങ് ഫീസ്, ഇന്ധന വില, സാലിക്, എന്നിവയില്‍ വലിയ മാറ്റം വരുന്നതോടെ ചെലവുകള്‍ കൂടും. യുഎസ്-ഇറാന്‍ യുദ്ധവും തുടര്‍ന്നുണ്ടായ ഹോര്‍മൂസ് കടലിടുക്കിലെ ഉപരോധവും ആഗോളതലത്തില്‍ ഇന്ധന, അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നതാണ് തിരിച്ചടിയായത്.
1. പാര്‍ക്കിങ് ഫീസ് ഉയര്‍ത്തും
യുഎഇ നികുതി നിയമങ്ങളുടെ ഭാഗമായി ജൂണ്‍ 1 മുതല്‍ എല്ലാ പൊതു പാര്‍ക്കിംഗ് സേവനങ്ങള്‍ക്കും 5 ശതമാനം നികുതി ഏര്‍പ്പെടുത്തും. റോഡരികിലെയും അല്ലാത്തതുമായ എല്ലാ പൊതു പാര്‍ക്കിംഗുകള്‍ക്കും ഇത് ബാധകമാണ്. സീസണല്‍ പാര്‍ക്കിങ് കാര്‍ഡുകള്‍, പാര്‍ക്കിങ് പെര്‍മിറ്റുകള്‍ എന്നിവയ്ക്കും നിരക്ക് കൂടും.എന്നാല്‍ പുലര്‍ച്ചെ 1 മണി മുതല്‍ 6 മണി വരെയുള്ള രാത്രികാല പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കില്ല.
2. സാലിക് ടോള്‍ നിരക്കുകളിലും വര്‍ധനവ്
ദുബൈയിലെ സാലിക് ടോള്‍ ഗേറ്റ് ഫീസുകളിലും ടാഗ് ആക്ടിവേഷന്‍ ചാര്‍ജുകളിലും 5 ശതമാനം വാറ്റ് ഏര്‍പ്പെടുത്തും.
പുതുക്കിയ തുക ഉപഭോക്താക്കളുടെ പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് പിടിക്കും. ദിവസവും 4 ഗേറ്റ് കടന്നുപോകുന്ന ഒരാള്‍ക്ക് ടോള്‍ നിരക്ക് 24 ദിര്‍ഹത്തില്‍ നിന്ന് 25.20 ദിര്‍ഹമായി ഉയരും. പ്രതിമാസം ഏകദേശം 26.40 ദിര്‍ഹത്തിന്റെ അധിക ബാധ്യതയുണ്ടാകും പ്രീമിയം പാര്‍ക്കിങ് സോണുകളില്‍ ദിവസവും 2 മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് മാസം 12 ദിര്‍ഹം വരെ അധികം ചിലവ് വരും.
3. ഇന്ധന വില കൂടും
സൂപ്പര്‍ 98 പെട്രോളിന് മെയ് മാസത്തിലെ 3.66 ദിര്‍ഹത്തില്‍ നിന്ന് 7.92 ശതമാനം വര്‍ധിച്ച് ജൂണില്‍ ലിറ്ററിന് 3.95 ദിര്‍ഹമാകും. സ്പെഷ്യല്‍ 95 പെട്രോളിന് മെയ് മാസത്തില്‍ 3.55 ദിര്‍ഹമായിരുന്നത് ജൂണില്‍ 3.83 ദിര്‍ഹമായി ഉയരും. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ഇ-പ്ലസ് 92 ഇന്ധനത്തിന് 8.04 ശതമാനം വര്‍ധനവോടെ ലിറ്ററിന് 3.48 ദിര്‍ഹത്തില്‍ നിന്ന് 3.76 ദിര്‍ഹമായി വില ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഡീസല്‍ വിലയില്‍ നേരിയ ആശ്വാസമുണ്ട്. ലിറ്ററിന് നിലവിലുള്ള 4.69 ദിര്‍ഹത്തില്‍ നിന്ന് പുതിയ നിരക്ക് 4.33 ദിര്‍ഹം ആയി കുറഞ്ഞു.
4.അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കില്ല
അതേസമയം, ഗതാഗത, ലോജിസ്റ്റിക്‌സ്, മേഖലയില്‍ വലിയ ചെലവ് വരുന്നുണ്ടെങ്കിലും അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കില്ലെന്ന് വ്യാപാരികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ അധികഭാരം ദീര്‍ഘകാലം വഹിക്കുക പ്രായോഗികമല്ലെന്നും ഉപഭോക്തൃ സൗഹൃദ സമീപനം തുടരുന്നതിനൊപ്പം ചെലവുകള്‍ നിയന്ത്രിക്കുന്നത് വെല്ലുവിളിയാണെന്നും റീട്ടെയില്‍ ഉടമകള്‍ അറിയിച്ചു. വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ആഴ്ചതോറും കൃത്യമായ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. അന്യായമായ രീതിയില്‍ വില വര്‍ധിപ്പിക്കുന്നത് തടയാന്‍, ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങിയതിന് ശേഷം ബില്ലുകള്‍ കൈവശം സൂക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates