

ദുബൈ: സർഗാത്മക സമ്പദ് വ്യവസ്ഥയിൽ കൂടുതൽ ഊന്നൽ നൽകുന്നതിന് ദുബൈ സിനിമാ മേഖല സജീവമാക്കുന്നു. ഈ മേഖലയിലെ വളർച്ച വർദ്ധിപ്പിക്കുന്നതിനായി ദുബൈ മീഡിയ കൗൺസിലിന് കീഴിൽ രൂപീകരിച്ച ദുബായ് ഫിലിം ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നു.
കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിലും അതിന്റെ പ്രവർത്തന ചട്ടക്കൂട് ചർച്ച ചെയ്യുന്നതിലും ദുബൈയിൽ സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ചലച്ചിത്ര വ്യവസായത്തെ സഹായിക്കുന്നതിനുള്ള തന്ത്രപരമായ മുൻഗണനകൾ രൂപപ്പെടുത്തുന്നതിനും പദ്ധതികൾ ചർച്ച ചെയ്തു.
സിനിമാ നിർമ്മാണം, ഈ മേഖലയിലെ പ്രതിഭകളെ കണ്ടെത്തലും അവരെ സഹായിക്കുകയും ചെയ്യുക, ഈ മേഖലയിൽ കൂടുതൽ സഹകരണം സൃഷ്ടിക്കുക എന്നിവയുൾപ്പെടെയുള്ള പ്രായോഗിക വ്യവസായ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിന് തീരുമാനിച്ചു.
ദുബൈയിൽ നിലവിലുള്ള സർഗാത്മകമായ സാധ്യതകളെ വളർത്തിയെടുക്കാനുള്ള വഴികളും കമ്മിറ്റിയുടെ പരിഗണനയിൽ വന്നു. സിനിമാ നയം, അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ ആവശ്യകതകൾ എന്നിവയെ യോജിപ്പിക്കുന്ന ഒരു ഏകോപിത, മേഖലാ സമീപനം സൃഷ്ടിക്കുന്നതിനാണ് ആദ്യഘട്ടമായി ഊന്നൽ നൽകുന്നത്.
"ദുബൈ മാധ്യമ വ്യവസായത്തിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന മേഖലകളിൽ ഒന്നാണ് ചലച്ചിത്ര മേഖല, പരിധിയില്ലാത്ത വളർച്ചാ അവസരങ്ങൾ അത് വാഗ്ദാനം ചെയ്യുന്നു," എന്ന് മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ നെഹാൽ ബദ്രി പറഞ്ഞു.
"ആഗോളതലത്തിൽ നിർമ്മാണ രംഗത്തും സർഗ്ഗാത്മകതയ്ക്കും പ്രധാന ഇടമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം." എന്നും സെക്രട്ടറി പറഞ്ഞു.
ദുബൈ മാധ്യമ വ്യവസായ രംഗത്ത് സിനിമ ഇപ്പോൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സാമ്പത്തിക വൈവിധ്യവൽക്കരണം, പ്രതിഭ വളർത്തൽ, അതിർത്തിക്കപ്പുറമുള്ള സഹകരണം എന്നിവയ്ക്ക് സംഭാവന നൽകുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. "നയം, അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ ആവശ്യകതകൾ എന്നിവ വിന്യസിക്കുന്നതിലൂടെ, ആഗോള തലത്തിൽ ദുബൈയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്നതിനുമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയു"മെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
വ്യക്തമായ നിർദ്ദേശങ്ങൾ നൽകുക, പ്രാദേശിക പ്രതിഭകളെ പിന്തുണയ്ക്കുക, പൊതു, സ്വകാര്യ പങ്കാളികൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുക എന്നിവയാണ് ആദ്യ മുൻഗണനകളെന്ന് ദുബൈ ഫിലിം ഡെവലപ്‌മെന്റ് കമ്മിറ്റി ചെയർമാൻ ഇസ്സാം കാസിം അഭിപ്രായപ്പെട്ടു.
“പ്രത്യേക പരിശീലനം, നിർമ്മാണ, ചിത്രീകരണ പ്രക്രിയകൾ കാര്യക്ഷമമാക്കുക, പ്രാദേശിക, രാജ്യാന്തര നിർമ്മാണ കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രമുഖ ചലച്ചിത്ര പ്രവർത്തകർ എന്നിവരുമായി പങ്കാളിത്തം വളർത്തിയെടുക്കുക എന്നിവയിൽ കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കും,” അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ സംരംഭങ്ങൾ സർഗ്ഗാത്മകതയും സാങ്കേതികവിദ്യയും നയിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ വികസിപ്പിക്കും.” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അനുയോജ്യമായ സേവനങ്ങൾ, സൗകര്യങ്ങൾ ലഭ്യമാക്കൽ, വ്യവസായ ഏകോപനം എന്നിവ നൽകുക എന്നതാണ് കമ്മിറ്റിയുടെ ചുമതല. പ്രാദേശിക, അന്താരാഷ്ട്ര സ്റ്റുഡിയോകളുമായി പ്രവർത്തിക്കുക, പ്രത്യേക പരിശീലന പരിപാടികൾ നടത്തുക, വളർന്നുവരുന്ന പ്രതിഭകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം.
ലോകമെമ്പാടുമുള്ള സർഗാത്മക രംഗത്തെ പ്രൊഫഷണലുകളെ രാജ്യത്തേക്ക് കൊണ്ടുവരുക എന്നത് ഉറപ്പാക്കുന്നതിനും യോഗം തീരുമാനമെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates