ദുബൈ: ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴത്തുകയിൽ ഡിസ്‌കൗണ്ട് നൽകി പണം അടയ്ക്കാൻ സഹായിക്കാമെന്ന പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടിയതായി ദുബൈ പൊലീസ്. പിഴത്തുകയിൽ 70% വരെ ഡിസ്‌കൗണ്ട് നൽകാം എന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം. സോഷ്യൽ മീഡിയ വഴി പരസ്യം നൽകിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.
ട്രാഫിക് പിഴകൾ അടയ്ക്കാനുള്ളവർ ഇവരെ ബന്ധപ്പെടുമ്പോൾ പിഴത്തുകയെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ സംഘം ആവശ്യപ്പെടും. അതിനു ശേഷം ഇവർ പിഴത്തുക സർക്കാരിലേക്ക് അടയ്ക്കും. തുടർന്ന് സംഘം ഇരകളെ ബന്ധപ്പെടുകയും പിഴത്തുക അടച്ചതുമായി ബന്ധപ്പെട്ട രേഖകൾ അയച്ചു നൽകുകയും ചെയ്യും.
അടച്ച പിഴത്തുകയുടെ പകുതി പണം നോട്ടുകളായി നേരിട്ട് നൽകണമെന്ന് ഇവർ ആവശ്യപ്പെടുകയും പ്രത്യേക സ്ഥലങ്ങളിൽ എത്തി ഇരകൾ ഈ പണം തട്ടിപ്പ് സംഘത്തിന് നൽകുകയും ചെയ്യും.
യഥാർത്ഥത്തിൽ തട്ടിപ്പ് സംഘം ഈ പണം സർക്കാരിലേക്ക് അടയ്ക്കുന്നത് മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ആയിരിക്കും. ഈ കാർഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമ വിരുദ്ധമായി കണ്ടെത്തിയാണ് ഇവർ പണമിടപാടുകൾ നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒരു കാർഡ് ഉടമ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ നിരവധി വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷത്തിന്റെ പരിധിയിൽ തട്ടിപ്പ് സംഘത്തിന്റെ കയ്യിൽ പണം നൽകിയ ആളുകളെയും ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates