

ദുബൈ: കാല്‍നട യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈയില്‍ കൂടുതല്‍ കാല്‍നട പാലങ്ങളും തുരങ്കങ്ങളും നിര്‍മിക്കും. എമിറേറ്റില്‍ 2030-ഓടെ 31 പുതിയ നടപ്പാലങ്ങള്‍ നിര്‍മിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ വര്‍ധന കണക്കിലെടുത്താണ് സുപ്രധാന തീരുമാനം.
എമിറേറ്റിലെ ഏറ്റവും വലിയ കാല്‍ നടപ്പാലത്തിന്റെ നിര്‍മാണവും പദ്ധതിയുടെ ഭാഗമായുണ്ട്. ഷെയ്ഖ് സായിദ് റോഡ്, കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റ്, അല്‍ ഇത്തിഹാദ് റോഡ്, ഒമര്‍ ബിന്‍ അല്‍ ഖത്താബ് സ്ട്രീറ്റ് എന്നിവയുള്‍പ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പദ്ധതിക്ക് ആര്‍ടിഎ അംഗീകാരം നല്‍കി. ജനസാന്ദ്രത, പൊതുഗതാഗതവുമായുള്ള ബന്ധം, സമീപത്തുള്ള റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍, സാമ്പത്തിക, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം എന്നിവ വിലയിരുത്തിയ വിപുലമായ പഠനങ്ങള്‍ക്ക് ശേഷമാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.
നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ദുബൈ-അല്‍ ഐന്‍ റോഡിന് കുറുകെയുള്ള 730 മീറ്റര്‍ നീളമുള്ള കാല്‍നടയാത്രക്കാര്‍ക്കും സൈക്ലിങ് യാത്രക്കാര്‍ക്കും വേണ്ടിയുള്ള പാലം. ദുബൈയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാലങ്ങളിലൊന്നാകും ഇത്. വാദി അല്‍ സഫ 4 (ലിവാന്‍) നെ ദുബായ് സിലിക്കണ്‍ ഒയാസിസിലെ നാദ് ഹെസ്സയുമായി ബന്ധിപ്പിക്കും.
ശൈഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളില്‍ അടുത്തിടെ മൂന്ന് കാല്‍നട, സൈക്ലിങ് പാതകളുടെ നിര്‍മാണം ആര്‍ടിഎ. പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവ അല്‍ സുഫൂഹ്, ദുബൈ ഇന്റര്‍നെറ്റ് സിറ്റി, ബര്‍ഷ ഹൈറ്റ്സ്, അല്‍ ബര്‍ഷ, ദുബൈ ഹില്‍സ് എന്നീ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ശൈഖ് സായിദ് റോഡില്‍ 528 മീറ്റര്‍ നീളത്തിലും അല്‍ ഖൈല്‍ റോഡില്‍ 501 മീറ്റര്‍ നീളത്തിലുമാണ് പാലങ്ങള്‍ നിര്‍മിച്ചത്. അല്‍ മനാറ സ്ട്രീറ്റിലെ അല്‍ ഖൂസ് ക്രിയേറ്റീവ് സോണിലും ഒരു നടപ്പാലമുണ്ട്.
നിലവില്‍ എമിറേറ്റിലെ വിവിധയിടങ്ങളിലായി മൂന്ന് നടപ്പാലങ്ങളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ ടുനിസ് സ്ട്രീറ്റ്-അല്‍ നഹ്ദ ഇന്റര്‍സെക്ഷനിലെ പാലം പൂര്‍ത്തിയാകുന്നതോടെ മുഹൈസിന ഒന്നിനെ അല്‍ തവാറുമായി ബന്ധിപ്പിക്കും. കൂടാതെ അല്‍ മംസാര്‍ ബീച്ചിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും ചെയ്യും.
ദുബായ്-അല്‍ ഐന്‍ റോഡിന് കുറുകെ 730 മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള രണ്ടാമത്തെ പാലത്തിലൂടെ വാദി അല്‍ സഫ നാലിലെ ലിവാന്‍ പ്രദേശത്തെയും ദുബായ് സിലിക്കണ്‍ ഒയാസിസിലെ നാദ് ഹെസ്സയെയും ബന്ധിപ്പിക്കുകയും ചെയ്യും. മൂന്നാമത്തെ പാലം അല്‍ സുകൂഖ് സ്ട്രീറ്റിലാണ് നിര്‍മിക്കുന്നത്. അല്‍ മുസ്താഖ്ബാല്‍ സ്ട്രീറ്റ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പാലം അടുത്ത വര്‍ഷം ആദ്യ പദത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates