

ദുബൈ: ദുബൈയില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ താമസ നിയമം. ഫ്‌ലാറ്റുകള്‍ ഷെയര്‍ ചെയ്തും ബെഡ്‌സ്‌പേസ് വാടകയ്‌ക്കെടുത്ത് ജീവിതച്ചെലവ് കുറച്ചിരുന്ന പ്രവാസികള്‍ക്ക് പുതിയ താമസ നിയമം തിരിച്ചടിയാകും. ഇനിമുതല്‍ ഇത്തരം പങ്കുവയ്ക്കലുകള്‍ക്ക് സര്‍ക്കാരിന്റെയും ഫ്‌ലാറ്റ് ഉടമസ്ഥരുടെയും ഔദ്യോഗിക അനുമതി നിര്‍ബന്ധമാക്കി.
നിയമവിരുദ്ധമായ ബെഡ്‌സ്‌പേസുകള്‍, അനധികൃത പങ്കുവയ്ക്കലുകള്‍, കെട്ടിടങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള താമസം എന്നിവ പൂര്‍ണമായും തടയാനാണ് അധികൃതരുടെ നീക്കം. പങ്കുവെച്ചുള്ള താമസം പൂര്‍ണമായി നിരോധിച്ചിട്ടില്ലെങ്കിലും, നിയമപരമായ ചട്ടക്കൂടിനുള്ളില്‍ മാത്രമേ ഇനി ഇത് അനുവദിക്കൂ.
വാടകക്കാരന്‍ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരാള്‍ക്ക് മുറിയോ ബെഡ്‌സ്‌പേസോ മറിച്ചു നല്‍കുന്നതിന് (സബ് ലെറ്റിങ്) പുതിയ നിയമപ്രകാരം പൂര്‍ണ നിരോധനമുണ്ട്. ഒരു ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത ആള്‍ക്ക്, കെട്ടിട ഉടമയുടെ (ലാന്‍ഡ് ലോര്‍ഡ്) രേഖാമൂലമുള്ള വ്യക്തമായ സമ്മതപത്രമില്ലാതെ മറ്റൊരാളെ കൂടെ താമസിപ്പിക്കാനോ വാടക ഈടാക്കാനോ കഴിയില്ല. മൂലക്കരാറില്‍ തന്നെ സബ് ലെറ്റിങ്ങിന് അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. കരാര്‍ ലംഘിച്ച് ആളുകളെ താമസിപ്പിച്ചാല്‍ വാടകക്കാരനെ ഒഴിപ്പിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും ഉടമസ്ഥര്‍ക്ക് അധികാരമുണ്ടാകും.
കെട്ടിട ഉടമകള്‍ക്കോ ലൈസന്‍സുള്ള ഏജന്‍സികള്‍ക്കോ മാത്രമേ ഇനി പങ്കുവച്ചുള്ള താമസസൗകര്യങ്ങള്‍ നല്‍കാന്‍ അനുവാദമുള്ളൂ. ഇതിനായി ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ് എന്നിവയുടെ പ്രത്യേക പെര്‍മിറ്റ് ലഭിച്ചിരിക്കണം. താമസക്കാരുടെ എണ്ണത്തിനും പരിധിയുണ്ട്. ഓരോ മുറിയിലും താമസിക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ കൃത്യമായ പരിധിയുണ്ടാകും. ഫ്‌ലാറ്റുകള്‍ക്കുള്ളില്‍ ബോര്‍ഡുകളോ തടസ്സങ്ങളോ വെച്ച് താല്‍ക്കാലികമായി നിര്‍മിക്കുന്ന മുറികള്‍ പൂര്‍ണമായും നിരോധിച്ചു.
തീപിടിത്തത്തിനെതിരെയുള്ള സുരക്ഷ, ശുചിത്വം, കാറ്റും വെളിച്ചവും ഉറപ്പാക്കല്‍ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമേ ഒരു വര്‍ഷത്തെയോ രണ്ട് വര്‍ഷത്തെയോ പെര്‍മിറ്റ് ലഭിക്കൂ. അനധികൃത ബെഡ്‌സ്‌പേസ് പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നിയമം ലംഘിച്ച് ആളുകളെ താമസിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകും. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത തുകയാണ് പിഴയായി ഈടാക്കുക. ലംഘനത്തിന്റെ തോതനുസരിച്ച് 5 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates