

ദുബൈ: സൈനബ് - യഹ്യ അൽ യാസ്സി ദമ്പതികളുടെ അഞ്ചാമത്തെ മകനാണ് അഹമ്മദ് യഹ്യ. കരളിനെയും മറ്റ് സുപ്രധാന അവയവങ്ങളെയും ബാധിക്കുന്ന അപൂർവ ജനിതക രോഗവുമായി ആണ് അഹമ്മദ് യഹ്യ എന്ന കുഞ്ഞ് ജനിച്ചത്. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ക്രമേണ അത് ശരിയാകും എന്ന് ഡോക്ടർമാരും വിലയിരുത്തി. പക്ഷെ ആ കുടുംബത്തിന് വിശ്വാസം തീരെ ഇല്ലായിരുന്നു
കാരണം, 2010 ൽ ഈ ദമ്പതികളുടെ നാലാമത്തെ മകൻ സമാനമായ അസുഖത്തെത്തുടർന്ന് മരിച്ചിരുന്നു. അഹമ്മദിനും ഇതേ അവസ്ഥ വരുമോയെന്ന് കുടുംബം വല്ലാതെ പേടിച്ചിരുന്നു.
ദിവസങ്ങൾ കഴിയുന്തോറും കുഞ്ഞിന് അസ്വസ്ഥതകൾ കൂടി വന്നു. ഒടുവിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അടിയന്തരമായി കരൾ മാറ്റി വെയ്ക്കണം എന്ന് ഡോക്ടർമാർ പറഞ്ഞു. 4.4 കിലോ ഗ്രാം ഭാരവും അഞ്ച് മാസവും പ്രായവുമുള്ള കുഞ്ഞിൽ ശസ്ത്രക്രിയ നടത്തുന്നത് ഡോക്ടർമാർക്ക് മുന്നിൽ വലിയ വെല്ലുവിളി ആയിരുന്നു. ജീവൻ നിലനിർത്താൻ കരൾ മാറ്റി വെക്കാതെ മറ്റു മാർഗവുമില്ല.
കരൾ പകുത്ത് നൽകാൻ താൽപര്യമുള്ളവരെ തേടി തേടി കുടുംബം അന്വേഷണം ആരംഭിച്ചു. പലരെയും സമീപിച്ചെങ്കിലും വിവിധ കാരണങ്ങളാൽ അത് സാധിച്ചില്ല. ആ അന്വേഷണം ഏറ്റവും ഒടുവിലെത്തിയത് കുഞ്ഞിന്റെ അച്ഛന്റെ കുടുംബത്തിലാണ്. അച്ഛന്റെ സഹോദരന്റെ ഭാര്യ ഹൈഫ. ഇവരുടെ കരൾ കുഞ്ഞിന് മാറ്റി വെക്കാൻ കഴിയുമെന്ന് കണ്ടെത്തി. സ്വന്തം കുഞ്ഞിനെപ്പോലെ തന്നെ അഹമ്മദിനേയും സ്നേഹിച്ചിരുന്ന അവർ കരൾ മാറ്റി വെക്കാൻ സമ്മതിച്ചു.
" സർജറിയുമായി ബന്ധപ്പെട്ട് കുറച്ചധികം കാര്യങ്ങൾ ഞാൻ വായിച്ചു. അതിൽ നിന്ന് എന്റെ കരളിന്റെ ഒരു ഭാഗം നൽകുന്നത് വഴി കുഞ്ഞിന് ജീവിക്കാൻ സാധിക്കും എന്ന് മനസിലായി. ഇതിലൂടെ ലോകത്തിലെ ഒന്നിനും തകർക്കാൻ കഴിയാത്ത ഒരു ബന്ധമാണ് ഉണ്ടാകുന്നത്' ഹൈഫ പറഞ്ഞു.
12 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് കരൾ മാറ്റി വെക്കുന്നതിന് നടന്നത്. ഹൈഫയുടെ കരളിന്റെ ചെറിയ ഒരു ഭാഗം പകുത്തെടുത്ത് അഹമ്മദിന്റെ ശരീരത്തിൽ കൃത്യസ്ഥാനത്ത് വെച്ച് പിടിപ്പിച്ചു. ഒരു തരത്തിലുമുള്ള വീഴ്ച വരുത്താതെ ശസ്ത്രക്രിയ പൂർത്തിയാക്കി. ഹൈഫയും അഹമ്മദും സുരക്ഷതരായി പുറത്തിറങ്ങി.
ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്നും ഡോക്ടർമാർ പറഞ്ഞതോടെയാണ് അഹമ്മദിന്റെ അമ്മ സൈനബിന് സമാധാനമായത്. ഒരുപക്ഷെ ഹൈഫ ഇതിനു തയ്യാറായില്ലെങ്കിൽ തന്റെ അഞ്ചാമത്തെ കുഞ്ഞിനെ നഷ്ടമായേനെ എന്നും ഹൈഫയോട് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നതായും അമ്മ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
