ദുബൈ: യു എ ഇയിലെ റോഡുകളിലൂടെ വാഹനമോടിക്കുന്നവർ ഏറ്റവും കൂടുതൽ ഭയക്കുന്നത് ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ബ്ലാക്ക് പോയിന്റുകളുമാണ്. പിഴ എങ്ങനെ എങ്കിലും അടയ്ക്കാമെന്ന് കരുതിയാൽ പോലും ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ സാധിക്കാത്തത് വലിയ പ്രശ്‌നമാണ്. എന്നാൽ പോയിന്റുകൾ ഒഴിവാക്കാൻ ഒരു അവസരം സർക്കാർ നൽകിയാലോ ? അതും വളരെ സിമ്പിൾ ആയ ഒരു വഴിയിലൂടെ.
ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാനായി യു എ ഇ സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചു. ഈ മാസം 25ന് അപകടരഹിതമായി വാഹനമോടിക്കുക ആണെങ്കിൽ നിങ്ങളുടെ ലൈസൻസിൽ നിലവിലുള്ള ബ്ലാക്ക് പോയിന്റുകളിൽ നാലെണ്ണം സർക്കാർ കുറയ്ക്കും. വേനൽ അവധിക്കു ശേഷം ഈ മാസം 25ന് സ്കൂളുകൾ തുറക്കുകയാണ്. അത് കൊണ്ട് തന്നെ റോഡിലെ തിരക്ക് വളരെ വേഗം വർധിക്കും. ഈ സമയത്ത് അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാൻ വേണ്ടിയാണ് സർക്കാരിന്റെ ഈ നീക്കം
ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിന്റെ (എം ഒ ഐ) വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഓഗസ്റ്റ് 25ന് അപകടം ഉണ്ടാക്കാതെ വാഹനം ഓടിച്ചാൽ ലൈസൻസിൽ നിലവിലുള്ള ബ്ലാക്ക് പോയിന്റുകളിൽ നാലെണ്ണം സർക്കാർ സെപ്റ്റംബർ 15ന് ഒഴിവാക്കി നൽകും. കുട്ടികൾ സ്കൂളുകളിൽ എത്തുന്ന ദിവസം റോഡുകളിലെ അപകടം ഒഴിവാക്കുന്നതിനൊപ്പം ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് കൂടുതൽ ജാഗ്രതയുണ്ടാക്കാൻ വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ ഹുസൈൻ അഹമ്മദ് അൽ ഹറിതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
