

ദുബൈ: യുഎഇയിൽ പുതിയ ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഈ ഘട്ടത്തിൽ ബയോമെട്രിക് ഡേറ്റാ നൽകേണ്ടതില്ലെന്നും പാസ്‌പോർട്ട് ഫീസ് മാറ്റമില്ലാതെ തുടരുമെന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും വ്യക്തമാക്കി
യുഎഇയിൽ ഇ-പാസ്‌പോർട്ട് സംവിധാനം നടപ്പിലാക്കിയതിനു പിന്നാലെയാണ് ഈ വിശദീകരണം. അപേക്ഷാ പ്രക്രിയയെക്കുറിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്നുള്ള പ്രധാന ആശങ്കകൾ പരിഹരിച്ചുകൊണ്ടാണ് ഈ വിശദീകരണം.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പത്രസമ്മേളനത്തിൽ അബുദാബിയിലെ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനുമായ എ അമർനാഥും ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും പുതിയ ഡിജിറ്റൽ പാസ്‌പോർട്ട് സംവിധാനത്തിലേക്കുള്ള മാറ്റം അപേക്ഷകർക്ക് അധിക ചെലവുകൾക്ക് കാരണമാകില്ലെന്ന് പറഞ്ഞു.
"അപേക്ഷകരിൽ നിന്ന് അധിക നിരക്കുകളൊന്നും ഈടാക്കില്ല," അമർനാഥ് അറിയിച്ചു.
"അടുത്ത തലമുറ യാത്രാ രേഖ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇ-പാസ്‌പോർട്ട്, പരമ്പരാഗത പാസ്‌പോർട്ട് സവിശേഷതകളെ നൂതന സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നു, ഉടമയുടെ വിവരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അടങ്ങിയ ഒരു എംബഡഡ് ചിപ്പ് ഈ പാസ്പോർട്ടിൽ ഉൾപ്പെടുന്നു.
ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കുന്നതിനാണ് ഇ-പാസ്‌പോർട്ട് ചിപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെങ്കിലും, ഈ ഡേറ്റയിൽ ചിലത് അപേക്ഷാ കേന്ദ്രങ്ങളിലെ പ്രത്യേക ബയോമെട്രിക് ശേഖരണത്തിലൂടെയല്ല ശേഖരിക്കുന്നത്.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകർ പാസ്പോർട്ട് അപേക്ഷയ്ക്കൊപ്പം നൽകുന്ന ഫോട്ടോഗ്രാഫുകളിൽ നിന്നാണ് എടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
"ചിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില ബയോമെട്രിക് വിവരങ്ങൾ വ്യക്തി സമർപ്പിക്കുന്ന ഫോട്ടോയിൽ നിന്ന് എടുക്കും," അമർനാഥ് പറഞ്ഞു.
അപേക്ഷയക്ക് ഐസിഎഒ മാനദണ്ഡം അനുസരിച്ചുള്ള ഫോട്ടോ സമർപ്പിക്കേണ്ടതുണ്ട്. " ഐസിഎഒ മാനദണ്ഡം അനുസരിച്ചുള്ള ഒരു ഫോട്ടോ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അപേക്ഷ അടുത്ത ഘട്ടത്തിലേക്ക് പോകില്ല," അദ്ദേഹം വിശദീകരിച്ചു.
പാസ്പോർട്ട് നടപടിക്രമങ്ങൾക്കായി യുഎഇയിൽ ഔട്ട്‌സോഴ്‌സ് ചെയ്ത സേവന ദാതാവായ ബിഎൽഎസ് ഇന്റർനാഷണലിൽ പാസ്‌പോർട്ട് അപേക്ഷകരുടെ ബയോമെട്രിക് ഡേറ്റാ ശേഖരിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.
"ഇവിടെ ഈ സംവിധാനം നടപ്പിലാക്കണോ വേണ്ടയോ എന്നത് ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും," സതീഷ് കുമാർ ശിവൻ പറഞ്ഞു.
പാസ്പോർട്ട് അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി സവിശേഷതകൾ പുതിയ ഗ്ലോബൽ പാസ്‌പോർട്ട് സേവാ പോർട്ടൽ 2.0 (GPSP 2.0) അവതരിപ്പിച്ചിട്ടുണ്ട്.
വിവരങ്ങൾ മാറിയിട്ടില്ലാത്ത പുതുക്കലുകൾക്ക്, അപേക്ഷകർ അവരുടെ പഴയ പാസ്‌പോർട്ട് റഫറൻസ് നമ്പർ നൽകി രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസം ഉപയോഗിച്ച് പരിശോധന പൂർത്തിയാക്കിയാൽ മതി.
"എല്ലാ വിശദാംശങ്ങളും അപേക്ഷാ ഫോമിൽ സ്വയമേവ ലഭ്യമാകും," മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ രണ്ട് മിനിറ്റിൽ താഴെ സമയം മാത്രമേ എടുക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അപേക്ഷകർക്ക് ഇപ്പോൾ വീട്ടിലിരുന്ന് തന്നെ മിക്ക പ്രക്രിയകളും പൂർത്തിയാക്കാൻ കഴിയുമെന്ന് കോൺസൽ ജനറൽ അഭിപ്രായപ്പെട്ടു. "അപേക്ഷകർക്ക് തന്നെ അപേക്ഷ സമർപ്പിക്കാം. പ്രക്രിയ ലളിതമാക്കിയിട്ടുണ്ട്. അതുവഴി ബിഎൽ എസ് (BLS) കേന്ദ്രത്തിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കും," അമർനാഥ് പറഞ്ഞു.
ഡിജിറ്റൽ പ്രക്രിയകളിൽ പരിചയമില്ലാത്തവർക്ക്, ഔട്ട്‌സോഴ്‌സ് ചെയ്ത സേവന ദാതാവിന്റെ കേന്ദ്രങ്ങൾ, മറ്റ് ടൈപ്പിങ് സെന്ററുകൾ, അല്ലെങ്കിൽ കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾ അല്ലെങ്കിൽ കമ്പനി എച്ച്ആർ വകുപ്പുകൾ എന്നിവയിൽ നിന്നുള്ള സഹായത്തോടെ അപേക്ഷകൾ അപ്‌ലോഡ് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
പാസ്‌പോർട്ട് അപേക്ഷകളിൽ ചെറിയ തിരുത്തലുകൾ വരുത്തിയാൽ, അപേക്ഷകർ ഇനി മുതൽ ബിഎൽഎസ് കേന്ദ്രങ്ങളിൽ മുഴുവൻ അപേക്ഷകളും വീണ്ടും ടൈപ്പ് ചെയ്യേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അധിക ഫീസില്ലാതെ തിരുത്തലുകൾ വരുത്താം.
ഇന്ത്യൻ പ്രവാസികൾ അവരുടെ നിലവിലുള്ള പാസ്‌പോർട്ട് കാലഹരണപ്പെടുന്നതുവരെയോ പാസ്‌പോർട്ടിലെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതുവരെയോ പുതിയ ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നവജാത ശിശുക്കൾക്കുള്ള പുതിയ പാസ്‌പോർട്ടുകൾക്കുള്ള എല്ലാ അപേക്ഷകളും, മറ്റ് അപേക്ഷകരുടെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകളും ഒക്ടോബർ 28 മുതൽ പുതിയ പോർട്ടൽ സംവിധാനത്തിലൂടെ സ്വയമേവ ഇ-പാസ്‌പോർട്ടുകളായി പ്രോസസ്സ് ചെയ്യപ്പെടും, അതായത് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി മുതൽ ഇ-പാസ്‌പോർട്ടുകൾ മാത്രമേ ലഭിക്കൂ.
ഒക്ടോബർ 28 ന് മുമ്പ് മുൻ പോർട്ടലിൽ അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് അപ്പോയിന്റ്മെന്റ് നേടിയ അപേക്ഷകർ വിവരങ്ങൾ വീണ്ടും പൂരിപ്പിക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ഈ അപേക്ഷകൾ സ്വീകരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും തുടരുമെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
"അപേക്ഷകർ ഇതിനകം പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ ഉണ്ടെങ്കിൽ, ഞങ്ങൾ ആ അപേക്ഷകൾ സ്വീകരിക്കുന്നത് തുടരും, പക്ഷേ ആ അപേക്ഷകർക്ക് ഇ-പാസ്‌പോർട്ടല്ല, സാധാരണ പാസ്‌പോർട്ട് ലഭിക്കും," അമർനാഥ് വ്യക്തമാക്കി. അത്തരം അപേക്ഷകർ പുതിയ ജിപിഎസ്പി 2.0 പോർട്ടലിൽ വീണ്ടും പൂരിപ്പിക്കേണ്ടത് നിർബന്ധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പകരം ഇ-പാസ്‌പോർട്ട് ലഭിക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് പുതിയ പോർട്ടലിൽ അപേക്ഷ വീണ്ടും പൂരിപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ട്.
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ ഉള്ളത് യുഎഇയിലാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ മിഷനുകൾ പ്രകാരം, 43.6 ലക്ഷം ഇന്ത്യക്കാർ യുഎഇയിൽ താമസിക്കുന്നു.
ഏറ്റവും കൂടുതൽ പാസ്‌പോർട്ട് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്ന ഒന്നാണ് ഇവിടുത്തെ രണ്ട് ഇന്ത്യൻ മിഷനുകളും., രണ്ട് മിഷനുകളും ചേർന്ന് പ്രതിദിനം 1,600 പാസ്‌പോർട്ടുകൾ നൽകുന്നുണ്ടെന്ന് അവർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates