

കുവൈത്ത് സിറ്റി: കുവൈത്തിനെയും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത പദ്ധതിയ്ക്ക് അംഗീകാരം. കുവൈത്ത് മുനിസിപ്പൽ കൗൺസിൽ ആണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ഗൾഫ് മേഖലയിലെ പ്രാദേശിക ഗതാഗത ബന്ധം ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഏകദേശം 85 കിലോമീറ്റർ ദൈർഘ്യമാണ് റെയിൽപാതയ്ക്ക് ഉള്ളത്. സൗദി അറേബ്യയുടെ അതിർത്തിയിൽ നിന്ന് ആരംഭിച്ച് കുവൈത്തിലെ പുതിയ യൂണിവേഴ്സിറ്റി ക്യാംപസിന് സമീപമുള്ള ഷദാദിയ (Shadadiya) പ്രദേശം വരെയാണ് പുതിയ റെയിൽ പാത നിർമിക്കുന്നത്.
പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം റെയിൽപാതയ്ക്ക് ആവശ്യമായ ഭൂമിയും കൗൺസിൽ അനുവദിച്ചിട്ടുണ്ട്. ഈ വർഷാവസാനത്തോടെ അതിവേഗ റെയിൽപാതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
2030ഓടെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ ആകും ഇതിലൂടെ സർവ്വീസ് നടത്തുക. ഇതുവഴി റിയാദിൽനിന്ന് കുവൈത്തിലേക്ക് 2 മണിക്കൂറിനകം എത്തിച്ചേരാം. പ്രതിദിനം മൂന്ന് സർവീസുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates