കുവൈത്ത് സിറ്റി: രാജ്യത്തെ ഞെട്ടിച്ച മദ്യ ദുരന്തത്തിന് പിന്നാലെ പരിശോധനകൾ ശക്തമാക്കി കുവൈത്ത് അധികൃതർ. പ്രവാസികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ കേന്ദ്രികരിച്ചാണ് പരിശോധനകൾ നടക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തുന്നത്. കുവൈത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന പരിശോധനകളിൽ അദ്ദേഹം നേരിട്ടെത്തുകയും ചെയ്തു.
അതിനിടെ വിഷാംശമുള്ളതും അപകടകരവുമായ രാസവസ്തുക്കൾ ഉപയോഗിച്ച് ലഹരി നിർമാണത്തിലേർപ്പെട്ടയാൾ പിടിയിൽ. കബ്ദിൽ പ്രദേശത്തെ വാടക കെട്ടിടത്തില് പ്രത്യേക കേന്ദ്രം ഒരുക്കിയാണ് ഇയാൾ ലഹരി വസ്തുക്കൾ നിർമ്മിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് കുവൈത്ത് പൊലീസ് സ്ഥാനം വളഞ്ഞു പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാളിൽ നിന്ന് 25 കിലോ രാസവസ്തു,വിഷ കീടനാശിനികൾ തുടങ്ങിയവ കണ്ടെടുത്തു. ലഹരി വസ്തുക്കൾ നിർമ്മിക്കാൻ ആവശ്യമായ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
അതേസമയം കുവൈത്തിലെ മദ്യ ദുരന്തത്തിന്റെ കാരണക്കാരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിലായി എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യത്തിൽ പൊലീസ് പ്രതികരിച്ചിട്ടില്ല. മലയാളികൾ അടക്കം 23 പേർ മദ്യ ദുരന്തത്തിൽ മരിച്ചതായി കുവൈത്ത് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ഇത്തരം ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. നിയമ വിരുദ്ധമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates