

ദമാം: സൗദി അറേബ്യയില്‍ ചികിത്സാ പിഴവിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിനും ഈജിപ്ഷ്യന്‍ ഡോക്ടര്‍ക്കും മൂന്ന് ലക്ഷം റിയാല്‍ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ചുമത്തി കോടതി. രോഗി മരിക്കാനിടയായ കേസില്‍ ഡോക്ടര്‍ക്ക് 80 ശതമാനവും മലയാളി നഴ്‌സിന് 20 ശതമാനവും ഉത്തരവാദിത്തം കോടതി നിശ്ചയിച്ചു.
വയനാട് മാനന്തവാടി സ്വദേശിനിയായ നഴ്‌സ് 60,000 റിയാലും (പതിമൂന്ന് ലക്ഷത്തോളം രൂപ) കോടതിച്ചെലവായി 1,000 റിയാലും അടയ്ക്കണം. ചികിത്സയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ഡോക്ടര്‍ 2,40,000 റിയാലാണ് മരിച്ചയാളുടെ ആശ്രിതര്‍ക്ക് നല്‍കേണ്ടത്. ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഈജിപ്ഷ്യന്‍ സ്വദേശി മരിച്ച സംഭവത്തിലാണ് റിയാദ് അപ്പീല്‍ കോടതി വിധി ശരിവെച്ചത്.
ശരീര വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിക്ക് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു.ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ആന്റിബയോട്ടിക്കും വേദനസംഹാരിയും കുത്തിവയ്ക്കാന്‍ നഴ്‌സിന് നിര്‍ദേശം നല്‍കിയിരുന്നു. മരുന്ന് കുത്തിവെയ്ക്കുന്നതിന് മുമ്പ് നഴ്‌സ് കൃത്യമായ പരിശോധന നടത്തിയില്ല. രോഗിയുടെ മുന്‍കാല മെഡിക്കല്‍ ചരിത്രമോ അലര്‍ജിയോ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. രോഗിക്ക് അലര്‍ജിയുണ്ടെന്ന കാര്യം മെഡിക്കല്‍ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നു.
കുത്തിവയ്പ്പിന് പിന്നാലെ കടുത്ത അലര്‍ജി അനുഭവപ്പെട്ട രോഗിയുടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആരോഗ്യ പ്രൊഫഷണല്‍ പ്രാക്ടീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 26, 27, 30 എന്നിവയുടെ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് മൂന്ന് വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ കമ്മിറ്റി കോടതിയെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates