

ദോഹ: ഖത്തറില്‍ എന്‍ട്രി വിസകള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞ വിസകള്‍ക്ക് താല്‍ക്കാലികമായി കാലാവധി നീട്ടി നല്‍കിയിരുന്ന നടപടിയാണ് അധികൃതര്‍ നിര്‍ത്തലാക്കിയത്. ജൂണ്‍ ഏഴു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
രാജ്യത്ത് കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എല്ലാത്തരം എന്‍ട്രി വിസകള്‍ക്കും നല്‍കിയിരുന്ന ഇളവുകള്‍ നിര്‍ത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി. എല്ലാ എന്‍ട്രി വിസകളും നിര്‍ദിഷ്ട ചട്ടങ്ങള്‍ക്ക് കീഴില്‍ വരും. ഓരോ വിസ വിഭാഗത്തിനും നിര്‍ദ്ദിഷ്ട സാധുത കാലയളവുകളും ബാധകമായ ഫീസും നല്‍കണം. നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ താമസക്കാര്‍, സന്ദര്‍ശകര്‍ എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളില്‍ വിസ പുതുക്കണമെന്നും, ആവശ്യമായ ഫീസ് അടയ്ക്കണമെന്നും, വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ട്രി വിസകള്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി കാലാവധി നീട്ടി നല്‍കിയിരുന്നത്. മാര്‍ച്ച് മൂന്നു മുതലാണ് വിസാ കാലാവധി നീട്ടി നല്‍കുന്ന നടപടി മന്ത്രാലയം ആരംഭിച്ചത്. ഈ ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. ഇതോടെ ജൂണ്‍ ഏഴു മുതല്‍ രാജ്യത്തെ എല്ലാ സന്ദര്‍ശക വിസകള്‍ക്കും മുമ്പത്തെ നിയമങ്ങള്‍ ബാധകമായിരിക്കും. നിയമപരമായ ലംഘനങ്ങളും പിഴകളും ഒഴിവാക്കാന്‍ എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates