

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാർഡുകളുടെ സേവനങ്ങൾ സംബന്ധിച്ച 2026 ജൂൺ 15 മുതൽ ജൂലൈ 15 വരെ പ്രത്യേകം പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.
വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയര്‍ക്കുളള പ്രവാസി ഐഡി കാർഡ്, വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന കേരളീയവിദ്യാര്‍ത്ഥികള്‍ക്കായുളള സ്റ്റുഡൻ്റ് ഐഡി കാർഡ്, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുളള പ്രവാസി കേരളീയര്‍ക്കായുളള എൻ.ആർ.കെ ഐഡി കാർഡ്, ഗുരുതര രോഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് എന്നീ സേവനങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം.
കരുതൽ, സുരക്ഷ, അംഗീകാരം എന്നതാണ് ഈ വര്‍ഷത്തെ തീം. ഐഡി കാർഡ് എടുത്തവർക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനും പുതുക്കാൻ വൈകിയവർക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണ്. ലോകത്തെമ്പാടുമുള്ള കേരളീയരായ പ്രവാസികളെ കണ്ടത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഐഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.
408 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ അപകട മരണത്തിന് അഞ്ചു ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് ഐ.ഡി കാര്‍ഡ് സേവനങ്ങള്‍. പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ 661 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ ഗുരുതരമായ രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും അപകടമരണത്തിന് മൂന്നു ലക്ഷം രൂപയുടെയും അംഗ വൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.
നോര്‍ക്ക ഐ.ഡി കാർഡുകൾക്ക് മൂന്നു വർഷവും നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസിന് ഒരു വർഷവുമാണ് കാലവധി. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് (www.norkaroots.kerala.gov.in) സന്ദര്‍ശിച്ച് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
നോര്‍ക്ക ഐ.ഡി കാര്‍ഡുളളവര്‍ക്ക് മാത്രമേ സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിലും നോര്‍ക്ക കെയര്‍ പ്ലസ്സിലും എന്‍റോള്‍മെന്റ് സമയത്ത് അംഗമാകാന്‍ കഴിയൂ.
കൂടുതല്‍ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.