മസ്കത്ത്: പ്രവാസി റെസിഡന്റ് കാർഡുകളുടെ കാലാവധി 10 വർഷത്തേക്ക് വർധിപ്പിച്ചതായി ഒമാൻ. ഡയറക്ടർ ജനറൽ നിശ്ചയിച്ച വിവിധ വിഭാഗങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചാണ് 10 വർഷത്തെ റസിഡൻസി കാർഡ് നൽകുക. ഇത് സംബന്ധിച്ച ഉത്തരവ് പൊലീസ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസ്സൻ മുഹ്സിൻ ശുറൈഖി പുറത്തിറക്കി.
ഈ വർഷം ഓഗസ്റ്റിൽ പ്രവാസി റസിഡന്റ് കാർഡുകളുടെ കാലാവധി മൂന്നു വർഷമായി വർധിപ്പിച്ചിരുന്നു. ഒമാൻ പൗരന്മാരുടെ ഐഡി കാർഡുകളുടെ കാലാവധി അഞ്ചു വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്തുകയും ചെയ്തിരുന്നു.
ഈ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് പ്രവാസികളുടെ കാർഡുകളുടെ കാലാവധിയും പത്ത് വർഷത്തേക്ക് വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചത്. നിലവിൽ പ്രവാസികളുടെ റസിഡന്റ് കാർഡിന്റെ കാലാവധി കഴിയുന്ന അന്നുമുതൽ 30 ദിവസത്തിനുള്ളിൽ കാർഡ് പുതുക്കാൻ അവസരമുണ്ടാകും.
ഒരു വർഷം അഞ്ച് റിയാൽ എന്ന കണക്കിൽ പത്ത് വർഷത്തേക്ക് പണം നൽകി റസിഡന്റ് കാർഡിന്റെ കാലാവധി നീട്ടാം. റസിഡൻസി കാർഡ് നഷ്ടപ്പെട്ടാലോ കേടായാലോ പകരം പുതിയ കാർഡ് 20 റിയാൽ നൽകിയാൽ ലഭിക്കും.
ജനങ്ങൾക്ക് സർക്കാർ നൽകുന്ന സേവനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കുറയ്ക്കാനും അതിവേഗം റസിഡൻസി കാർഡുകൾ ലഭ്യമാക്കാനും വേണ്ടിയാണ് പുതിയ ഉത്തരവ് ഇറക്കിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates