പ്രവാസി റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം; പുതിയ വ്യവസ്ഥകളുമായി ഒമാന്‍ മന്ത്രാലയം

Oman Flag
Oman Flag
Edited By:
Updated on: 
2 min read

മസ്‌ക്കത്ത്: പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ ഒമാനില്‍ ഏജന്‍സികള്‍ക്ക് കര്‍ശനനിര്‍ദേശം. റിക്രൂട്ട്‌മെന്റ് കരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, നിശ്ചിത സാഹചര്യങ്ങളില്‍ തൊഴിലുടമകള്‍ക്ക് പണം തിരികെ നല്‍കുക, 45 ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുക തുടങ്ങി കര്‍ശന നിര്‍ദേശങ്ങളാണ് ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്.

2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ചട്ടത്തില്‍ ഏജന്‍സികള്‍ 5,000 റിയാല്‍ സാമ്പത്തിക ഗ്യാരണ്ടി നല്‍കുന്നതും ലൈസന്‍സും നിര്‍ബന്ധമാക്കി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

പണം തിരികെ ലഭിക്കാനുള്ള അവകാശവും ഇന്‍ഷുറന്‍സ് പരിരക്ഷയും

പുതിയ ചട്ടങ്ങള്‍ പ്രകാരം, ഒരു തൊഴിലാളി ജോലിയില്‍ പ്രവേശിച്ച് ആദ്യത്തെ 90 ദിവസത്തിനുള്ളില്‍ നിശ്ചിത സാഹചര്യങ്ങളില്‍ തൊഴിലുടമയ്ക്ക് റിക്രൂട്ട്മെന്റ് സേവന ഫീസ് പൂര്‍ണ്ണമായും തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. പകരം മറ്റൊരു തൊഴിലാളിയെ നല്‍കാന്‍ ഏജന്‍സിയുമായി ധാരണയിലെത്തുന്നില്ലെങ്കില്‍ മാത്രമാണ് ഈ വ്യവസ്ഥ ബാധകമാകുക. ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍, ആദ്യത്തെ 90 ദിവസത്തിന് ശേഷവും രണ്ട് വര്‍ഷം വരെയുള്ള കാലയളവില്‍, ചട്ടങ്ങളില്‍ പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി തൊഴിലുടമയ്ക്ക് ഫീസിന്റെ ഒരു ഭാഗം തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ടായേക്കാം.

നിശ്ചിത അപകടസാധ്യതകളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി, റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ തങ്ങളുടെ സേവന കരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. സ്വാഭാവിക മരണം, അംഗീകൃത വൈകല്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ക്കുള്ള പരിരക്ഷ, തൊഴിലാളി ഒമാനില്‍ എത്തുന്ന സമയം മുതല്‍ അല്ലെങ്കില്‍ തൊഴിലുടമയുടെ കീഴിലേക്ക് മാറുന്ന സമയം മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, മതിയായ കാരണമില്ലാതെ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ, നിയമപരമായ ന്യായീകരണമില്ലാതെ ജോലി ഉപേക്ഷിച്ച് പോകുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍, ആദ്യത്തെ 90 ദിവസത്തിന് ശേഷമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ബാധകമാകുക. കരാര്‍ തുകയുടെ ഏകദേശം ഒരു ശതമാനമായിരിക്കും ഇന്‍ഷുറന്‍സ് ചെലവ്.

റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 45 ദിവസത്തെ സമയപരിധി

റിക്രൂട്ട്മെന്റ് സേവന കരാര്‍ ഒപ്പിട്ട തീയതി മുതല്‍ 45 ദിവസത്തിനുള്ളില്‍ തൊഴിലാളികളെ ഒമാനില്‍ എത്തിക്കണമെന്ന് ഏജന്‍സികളോട് പുതിയ ചട്ടങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഇതിലും കുറഞ്ഞ സമയപരിധിയാണ് കരാറില്‍ നിശ്ചയിച്ചിട്ടുള്ളതെങ്കില്‍ അത് പാലിക്കണം. ഒരു ഏജന്‍സി സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, തൊഴിലുടമയ്ക്ക് കരാര്‍ അവസാനിപ്പിക്കുകയോ റിക്രൂട്ട്‌മെന്റ് കാലാവധി 30 ദിവസം വരെ നീട്ടാന്‍ രേഖാമൂലം സമ്മതിക്കുകയോ ചെയ്യാം.

പുതിയ ലൈസന്‍സിങ്

റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തൊഴില്‍ മന്ത്രാലയത്തില്‍ 5,000 റിയാല്‍ സാമ്പത്തിക ഗ്യാരണ്ടി നല്‍കുകയും രണ്ട് വര്‍ഷത്തേക്ക് സാധുതയുള്ള ലൈസന്‍സിന് 300 റിയാല്‍ നല്‍കുകയും വേണം. ഏജന്‍സി ഉടമകള്‍, പങ്കാളികള്‍,

എന്നിവര്‍ ഒമാനി പൗരന്മാരായിരിക്കണമെന്നും ഉടമകളും പങ്കാളികളും കുറഞ്ഞത് 23 വയസ്സ് പ്രായമുള്ളവരായിരിക്കണമെന്നും ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ഉടമയ്ക്കോ മുഴുവന്‍ സമയ മാനേജിങ് പങ്കാളിക്കോ കുറഞ്ഞത് വിദ്യഭ്യാസ യോഗ്യതയായി ഡിപ്ലോമ ഉണ്ടായിരിക്കണം അല്ലെങ്കില്‍ ഒമാന്‍ ഇതര തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.

Summary

Oman introduces tougher rules for expat recruitment agencies from January 2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER