കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ നിരവധി പേരുടെ ജീവൻ രക്ഷിച്ചതായി അധികൃതർ. സംഭവത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ നിരവധി ആളുകളിലേക്ക് മാറ്റി വെയ്ക്കുക ആയിരുന്നു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുവൈത്ത് അവയവ മാറ്റിവെക്കൽ കേന്ദ്രം ചെയർമാൻ ഡോ.മുസ്തഫ അൽ മൗസവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യ ദുരന്തത്തിന് പിന്നാലെ 20 പേരെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ മസ്തിഷ്ക മരണം സംഭവിച്ചവരും ഹൃദയാഘാതം വന്നവരുമുണ്ടായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും അവയവദാനത്തിനായി അനുമതി തേടുകയും ചെയ്തു. 12 പേരുടെ ബന്ധുക്കളായാണ് ബന്ധപ്പെട്ടത്. ഇതിൽ 10 പേരുടെ കുടുംബം അനുമതി നൽകി.
20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ, രണ്ട് ശ്വാസകോശങ്ങൾ എന്നിവ മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇതിൽ
ഹൃദയങ്ങളും വൃക്കകളും കുവൈത്തിൽ തന്നെയുള്ള രോഗികളിൽ മാറ്റിവച്ചു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.രാജ്യത്ത് കരൾ മാറ്റിവെക്കൽ ചികിൽസ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത് കൊണ്ട് കുവൈത്തി രോഗികളുടെ ശസ്ത്രക്രിയകൾക്കായി കരളുകൾ അബൂദബിയിലേക്ക് അയച്ചതായും ഡോ.മുസ്തഫ അൽ മൗസവി പറഞ്ഞു.
കുവൈത്തിൽ വിഷ മദ്യം കഴിച്ചു 160 പേരാണ് ചികിത്സ തേടിയത്. ഇതിൽ 23 പേർ മരിക്കുകയും 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് അധികൃതർ നടത്തി വരുന്നത്. ലഹരി മരുന്നുമായി ബന്ധപെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 729 പേരെയാണ് ഈ വർഷം നാടുകടത്തിയത്. വിവിധ കേസുകളിലായി 823 പ്രതികളെയും പിടികൂടിയിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates