

ദുബൈ: സോഷ്യൽ മീഡിയാ താരങ്ങളുടെ സ്വാധീന ശക്തി നഷ്ടമാവുകയാണോ? ഫിൻഫ്ലുവൻസറുകളുടെ (ഫിനാൻഷ്യൽ ഇൻഫ്ലുവൻസർ) യുഗം അവസാനിച്ചോ? യുഎഇയിൽ ഏറ്റവും വിശ്വാസ്യത കുറഞ്ഞ പ്രൊഫഷൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ് എന്ന് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് അങ്ങനെയൊരു കാലത്തേക്കാണോ?
യു എ ഇയിൽ നടത്തിയ ഏറ്റവും പുതിയ ഒരു സർവേ റിപ്പോർട്ട് പറയുന്നത് അതാണ്, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യു എ ഇയിൽ താമസിക്കുന്ന വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസേഴിസിനുള്ള പ്രതിച്ഛായ മങ്ങി എന്നാണ് സർവേ ഫലം.
ഇൻസൈറ്റ് ഡിസ്കവറിയുടെ "യുഎഇയിലെ ഏറ്റവും മോശം പ്രശസ്തി" സംബന്ധിച്ച ഏഴാമത് വാർഷിക പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
1,025 യുഎഇ നിവാസികളാണ് ഈ സർവേയിൽ പങ്കെടുത്തത്. ഇതിൽ 21 ശതമാനം പേരും ഇൻഫ്ലുവൻസേഴ്സിനെ മോശം പ്രതിച്ഛായയോടെയും അവിശ്വാസത്തോടെയും കാണുന്നു. പ്രധാനമായും സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഉപദേശം നൽകുന്ന ഫിൻഫ്ലുവൻസർമാരുമായി ബന്ധപ്പെട്ടാണിത്. ഇത് യു എ ഇയുടെ ചരിത്രത്തിൽ ആദ്യമാണ്.
ഇത്രയും പേർ ഇൻഫ്ലുവൻസേഴ്സിനെതിരെ റാങ്ക് ചെയ്തപ്പോൾ ആ രംഗം ടെലിമാർക്കറ്റിങ്, ക്രെഡിറ്റ് കാർഡ് വിതരണം, റിയൽ എസ്റ്റേറ്റ് ബ്രോക്കിങ് എന്നീ മേഖലകളേക്കാൾ മോശം റാങ്കിങ്ങിലേക്ക് മാറി.
കഴിഞ്ഞ ആറ് വർഷമായി ക്രെഡിറ്റ് കാർഡ് വിതരണം റിക്രൂട്ടിങ് മേഖലകലാണ് മോശം തൊഴിൽ രംഗമായി റാങ്ക് ചെയ്യപ്പെട്ടിരുന്നത്. ഇതിൽ നിന്ന് വലിയൊരു മാറ്റമാണ് ഇപ്പോഴത്തെ സർവേ ഫലം രേഖപ്പെടുത്തുന്നത്.
സോഷ്യൽ മീഡിയ രംഗത്തെ വലിയൊരു സംരഭക മേഖലയായി മാറി വന്നതാണ് ഇൻഫ്ലുവൻസേഴ്സ് എന്നത്. തൊഴിൽ രംഗത്ത് വ്യക്തിപരമായ കഴിവുകളും പ്രൊഫഷണിലസവും കൊണ്ടു വളർന്നു വന്നവർ എന്നതായിരുന്നു ഇതിലെ ഏറ്റവും ശ്രദ്ധേയം.
എന്നാൽ, ഈ തൊഴിലുമായി ബന്ധപ്പെട്ട്, സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും അഭാവം, പ്രത്യേകിച്ച് മറച്ചുവച്ചുള്ള പ്രമോഷനുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ഉപദേശങ്ങൾ (പ്രധാനമായും സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട്) എന്നിങ്ങനെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് സുതാര്യതയില്ലായ്മയും ഉത്തരാവാദിത്തമില്ലായ്മയും സംബന്ധിച്ച വിമർശനം ഉയരുന്നത്. ഇത് സംബന്ധിച്ച പൊതുജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആശങ്കയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നതെന്ന് വ്യവസായ രംഗത്തുള്ളവർ പറയുന്നു
ചില ഇൻഫ്ലുവൻസേഴ്സിന്റെ പെരുമാറ്റത്തിൽ പ്രേക്ഷകർ മടുത്തു തുടങ്ങിയിട്ടുണ്ടെന്ന് ഇൻസൈറ്റ് ഡിസ്കവറിയുടെ സിഇഒ നിഗൽ സില്ലിറ്റോയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രത്യേകിച്ച് അപകടസാധ്യതയുള്ള നിക്ഷേപ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്ന “ഫിൻഫ്ലുവൻസർമാരിൽ” നിന്നുള്ള നിയന്ത്രണമില്ലാത്ത ഓൺലൈൻ ഉപദേശങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് അവർ കൂടുതൽ ബോധവാന്മാരാണെന്നും നിഗൽ സില്ലിറ്റോ പറഞ്ഞു.
പഠനമനുസരിച്ച്, ടെലിമാർക്കറ്റിങ് മേഖലയും കോൾ സെന്റർ രംഗവും 19 ശതമാനം നെഗറ്റീവ് റേറ്റിങ്ങുമായി രണ്ടാം സ്ഥാനത്തെത്തി, ക്രെഡിറ്റ് കാർഡ് നൽകുന്നവർ (13 ശതമാനം), റിക്രൂട്ട്മെന്റ് കമ്പനികൾ (11 ശതമാനം), റിയൽ എസ്റ്റേറ്റ് ഏജന്റുമാർ (എട്ട് ശതമാനം) എന്നിവരാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിൽ
വിവിധ പ്രവാസി സമൂഹങ്ങൾക്കിടയിലുള്ള വ്യത്യസ്ത ധാരണകളും സർവേ വെളിപ്പെടുത്തി. പാശ്ചാത്യർ, അറബ് പ്രവാസികൾ, എമിറാത്തികൾ എന്നിവർ ഇൻഫ്ലുവൻസേഴ്സിനെ ഏറ്റവും വിശ്വാസം കുറഞ്ഞവരായി റാങ്ക് ചെയ്തു. ഏഷ്യക്കാർ ടെലിമാർക്കറ്റിങ് രംഗത്തിനാണ് ഏറ്റവും കൂടുതൽ നെഗറ്റീവ് റാങ്കിങ് നൽകിയത്. ഏഷ്യാക്കാരിൽ 23 ശതമാനം പേർ അവർക്ക് നെഗറ്റീവ് റേറ്റിങ് നൽകി.
2025 ഓഗസ്റ്റിൽ 1,025 യുഎഇ നിവാസികളിൽ നടത്തിയ സർവേയിൽ, ബാങ്ക് ഫിനാൻഷ്യൽ അഡ്വൈസർമാരുടെയും ഇൻഡിപെൻഡന്റ് ഫിനാൻഷ്യൽ അഡ്വൈസേഴ്സിന്റെയും പ്രശസ്തി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates