

ദുബൈ: യുഎഇ വിദ്യാഭ്യാസ മന്ത്രാലയം 2025–26 അധ്യയന വർഷത്തേക്കുള്ള പുതിയ ഹാജർ നിയമങ്ങൾ പ്രഖ്യാപിച്ചു, ഇത് വിദ്യാർത്ഥികളുടെ കാര്യത്തിൽ നിരീക്ഷണം കർശനമാക്കുകയും വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാണ് എന്ന് വ്യക്തമാക്കുന്നു.
പുതിയ സംവിധാനത്തിന് കീഴിൽ, വ്യക്തമായ കാരണങ്ങൾ കാണിക്കാതെ ഹാജരാകാതിരുന്നാൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ അച്ചടക്ക നടപടി ഉണ്ടാകും. ഒരു ദിവസം ഹാജരാകാതിരുന്നാൽ ആദ്യഘട്ടമായി മുന്നറിയിപ്പ് നൽകും. ഒരു വിദ്യാർത്ഥി ഒരു അധ്യയന വർഷത്തിൽ 15 ദിവസങ്ങൾ ഇങ്ങനെ ഹാജാരാകാതിരുന്നാൽ തുടർ നടപടികളിലേക്ക് പോകും.
ഇങ്ങനെ ഹാജരാകാതിരിക്കുന്ന വിദ്യാർത്ഥിയുടെ ഫയലും അവരുടെ രക്ഷിതാവിനെയും ബന്ധപ്പെട്ട അധികാരികൾക്കും കുട്ടികളുടെ സംരക്ഷണ സ്ഥാപനങ്ങൾക്കും റഫർ ചെയ്യും.
കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങളും നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്, കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ലെങ്കിൽ ഉടൻ തന്നെ രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകുന്ന തൽക്ഷണ അറിയിപ്പ് സംവിധാനം നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചകളിലോ ഔദ്യോഗിക അവധി ദിവസങ്ങൾക്ക് മുമ്പോ ശേഷമോ വരുന്ന ദിവസം ഹാജരാകാത്തത് രണ്ട് ദിവസം ഹാജരാകാത്തതായി കണക്കാക്കുമെന്നും ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നു.
സാധുവായ കാരണമില്ലാതെ സ്കൂളിൽ ഹാജരാകാത്തത് ഒരു ടേമിന് അഞ്ച് ദിവസവും ഒരു വർഷത്തിൽ 15 ദിവസവും ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിധി കവിയുന്ന വിദ്യാർത്ഥികൾ അടുത്തവർഷവും അതേ ക്ലാസിൽ പഠിക്കേണ്ടി വന്നേക്കാം.
നടപടികളുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ച് അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ രക്ഷിതാക്കൾക്ക് അപ്പീൽ നൽകാനുള്ള അവകാശമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates