റാസൽഖൈമ: ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ടാണ് ഡ്രോൺ ഉപയോഗിക്കുന്നത് നമ്മൾ സാധാരണ കണ്ടു വരുന്നത്. എന്നാൽ യു എ ഇയിൽ അങ്ങനെയല്ല . ഭക്ഷണം ഡെലിവറി ചെയ്യാനും മെട്രോ സ്റ്റേഷന്റെ മുകൾ ഭാഗം വൃത്തിയാക്കാനും വരെ ഇവിടെ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഡ്രോൺ ഉപയോഗിച്ച് കള്ളനെ വരെ പിടികൂടാം എന്ന് കണ്ടെത്തിയിരിക്കുകയാണ് റാസൽഖൈമ പൊലീസ്.
അത്യാവശ്യഘട്ടങ്ങളിൽ പൊലീസിനെ സഹായിക്കാനാണ് ഈ ഡ്രോൺ റാസൽഖൈമ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. എങ്ങനെയാണ് ഇത് പ്രവർത്തിക്കുക എന്നത് സംബന്ധിച്ച് ഒരു വിഡിയോയും അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. ഒരു സ്ഥാപനത്തിൽ കള്ളൻ മോഷണം നടത്തുന്നത് കടയുടമയുടെ ശ്രദ്ധയിൽപ്പെടുന്നു. ഉടൻ തന്നെ പ്രത്യേക അലാറം സിസ്റ്റം ഉപയോഗിച്ച് അയാൾ പൊലീസിന്റെ സഹായം തേടുന്നു. കൺട്രോൾ റൂമിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് സ്ഥാപനത്തിന്റെ ലൊക്കേഷൻ കണ്ടെത്തുകയും പൊലീസ് എത്തും വരെ നീരീക്ഷണത്തിനായി ഡ്രോൺ അവിടെ തുടരുകയും ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്.
പ്രത്യേക ക്യാമറകൾ, തെർമൽ ഇമേജിങ് തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകൾ ഡ്രോണിൽ ഘടിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലങ്ങളിലേക്ക് വളരെ വേഗം പറന്ന് എത്താമെന്നുള്ളതും ലൊക്കേഷനെ സംബന്ധിച്ചു കൃത്യമായ ധാരണ പൊലീസിന് നൽകാൻ കഴിയും എന്നതുമാണ് ഡ്രോൺ കൊണ്ടുള്ള പ്രയോജനം. ഇനി കുറ്റവാളി ഓടിപ്പോകാൻ ശ്രമിച്ചാൽ അയാളെ പിന്തുടർന്ന് കൃത്യ സമയങ്ങളിൽ പൊലീസിന് വിവരം നൽകാനും ഡ്രോണിന് കഴിയും.ഈ പൊലീസ് ഡ്രോണുകൾ മറ്റുള്ള എമിറേറ്റ്സുകളും മാതൃകയാകുമെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates