റിയാദ്: പതിനായിരം ഒട്ടകങ്ങളെ ഉൾക്കൊള്ളുന്ന ഫാം, ദിനംപ്രതി പതിനാറായിരം ലിറ്ററിലേറെ പാൽ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി, കാർഷിക വ്യവസായ മേഖലയിൽ പുതിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കി സൗദിയിൽ ആധുനിക മാതൃകാ ഒട്ടകഫാമും ഒട്ടകപ്പാൽഫാക്ടറിയും ആരംഭിച്ചു. സൗദിയിലെ പൊതുനിക്ഷേപ ഫണ്ടിന്റെ ഉടമസ്ഥതയിലുള്ളതും ‘നൗഗ്’ ബ്രാൻഡ് ഉടമയുമായ 'സവാനി' കമ്പനിയാണ് ഈ ഫാമും ഫാക്ടറിയും ആരംഭിച്ചത്.
പാൽ കറക്കൽ സംവിധാനങ്ങളിൽ ആധുനികമായ വൈദഗ്ദ്ധ്യമുള്ള ജർമ്മൻ കമ്പനിയായ ജി ഇ എയുമായി സഹകരിച്ചാണ് ലോകോത്തര നിലവാരത്തിലുള്ള ഫാമും ഒട്ടകപ്പാൽ ഫാക്ടറിയും നിർമിച്ചിരിക്കുന്നത്. പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും ഒട്ടക പാൽ മേഖലയിൽ സൗദിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് കമ്പനിയുടെ പുതിയ ചുവട്വെപ്പ്.
പതിനായിരത്തിലധികം ഒട്ടകങ്ങളെ പാർപ്പിക്കാനുള്ള ശേഷി ഫാമിനുണ്ടെന്നും പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും സവാനിയുടെ കൃഷി, ഒട്ടക മേഖലകളുടെ മേധാവിയായ ഫൗസാൻ അൽ-മാദി പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗുണനിലവാരം, ഭക്ഷ്യസുരക്ഷ എന്നീ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഫാമും ഫാക്ടറിയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒട്ടകപ്പാലിന് ഉയർന്ന പോഷകമൂല്യം ഉള്ളതിനാൽ വിവിധ ഉപഭോക്തൃ വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിവിധ രുചികളിലും അളവിലും ദീർഘകാലത്തേക്ക് ഉപയോഗയോഗ്യമായ ഒട്ടക പാൽ ഉൽപ്പന്നങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. ഇവയുടെ പ്രാദേശിക വിൽപ്പനയ്ക്കു പുറമെ, അന്താരാഷ്ട്ര മാർക്കറ്റുകളിലേക്ക് കയറ്റുമതി ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും അൽ-മാദി പറഞ്ഞു.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഒട്ടകങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്, സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി 22 ലക്ഷത്തിലധികം ഒട്ടകങ്ങളുണ്ട്. ഒട്ടകങ്ങളുടെ എണ്ണം, ജനിതക വൈവിധ്യം എന്നിവയുടെ കാര്യത്തിൽ സൗദി അറേബ്യയെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായി കണക്കാക്കുന്നു, ഒട്ടക അധിഷ്ഠിത ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് മാംസം, പാൽ എന്നിവ രാജ്യത്തെ സാമ്പത്തിക സ്രോതസ്സിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്.
ഒട്ടക പാലിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ഒട്ടക പാലിന്റെ മേഖലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമായി ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള ഒട്ടക ഇനങ്ങളെ വികസിപ്പിക്കുക എന്നതാണ് സവാനി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി, ഉൽപ്പാദനക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി ആധുനിക, വെറ്ററിനറി രീതികളെ അടിസ്ഥാനമാക്കി സംയോജിതവും സുസ്ഥിരവുമായ ഉൽപ്പാദന സംവിധാനമാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്.
ഉയർന്ന പോഷക നിലവാരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒട്ടകപ്പാൽ പ്രാദേശിക വിപണിയിൽ വിതരണം ചെയ്യുന്നതിൽ കമ്പനി ഗണ്യമായ പുരോഗതി കൈവരിക്കുമെന്ന് ക്ഷീര മേഖലയിലെ വിദഗ്ധർ പ്രതീക്ഷിക്കുന്നു,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
