ഷാർജ: റോഡുകൾ സുരക്ഷിതവും ഗതാഗതം സുഗമവുമാക്കുക എന്ന ലക്ഷ്യത്തോടെ, മോട്ടോർ സൈക്കിളുകൾ, ഡെലിവറി ബൈക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്കായി റോഡുകളിൽ നിർദ്ദിഷ്ട ലൈനുകൾ ഏർപ്പെടുത്തുമെന്ന് ഷാർജ പൊലിസ് അറിയിച്ചു.
ഷാർജ പൊലിസ് ജനറൽ കമാൻഡ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (ആർടിഎ) സഹകരിച്ചാണ് ,എമിറേറ്റിലെ റോഡുകളിൽ പുതിയ ഗതാഗത ക്രമീകരണം നടപ്പാക്കുന്നത്.
നവംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.
ഷാർജ പൊലിസ് വ്യക്തമാക്കിയതനുസരിച്ച്, ഏറ്റവും വലത്തേ അറ്റത്തുള്ള ലൈൻ ഹെവി വാഹനങ്ങൾക്കും ബസുകൾക്കും വേണ്ടിയുള്ളതാണ്.
അതേസമയം നാല് വരി പാതകളുള്ള റോഡാണെങ്കിൽ മോട്ടോർ സൈക്കിളുകൾക്ക് വലതുവശത്ത് നിന്ന് മൂന്നാമത്തെയും നാലാമത്തെയും ലൈനുകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്.
മൂന്ന് വരികളുള്ള റോഡുകളിൽ, അംഗീകൃത ഗതാഗത ചട്ടങ്ങൾ അനുസരിച്ച് മോട്ടോർ സൈക്കിളുകൾക്ക് മധ്യത്തെ ലൈൻ (രണ്ടാമത്തെ ലൈൻ) അല്ലെങ്കിൽ വലത് വശത്തെ ലൈൻ ഉപയോഗിക്കാൻ അനുവാദമുണ്ട്.
രണ്ട് വരികളുടെ കാര്യത്തിൽ, മോട്ടോർ സൈക്കിളുകൾ വലത് ലൈൻ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.
സ്മാർട്ട് റഡാറുകൾ, നൂതന ക്യാമറ സംവിധാനങ്ങൾ, എമിറേറ്റിലുടനീളം വിന്യസിച്ചിരിക്കുന്ന ട്രാഫിക് പട്രോളിങ് എന്നിവയിലൂടെ 24 മണിക്കൂറും റോഡ് ഗതാഗതം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ ലൈൻ നിയമം ഡ്രൈവർമാർ പാലിക്കുന്നുണ്ടെന്നും ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കും.
ഫെഡറൽ ട്രാഫിക് നിയമത്തിൽ പറഞ്ഞിരിക്കുന്നതുപോലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തും. ആർട്ടിക്കിൾ എട്ട് പ്രകാരം, നിർബന്ധിത ലൈൻ നിയന്ത്രണങ്ങൾ പാലിക്കാത്ത ഹെവി വെഹിക്കിൾ ഡ്രൈവർമാർക്ക് 1,500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ആർട്ടിക്കിൾ 70 പ്രകാരം ട്രാഫിക് സിഗ്നലുകളോ നിർദ്ദേശങ്ങളോ പാലിക്കാത്തതിന് 500 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
എല്ലാ മോട്ടോർ വാഹന ഉടമകളും റൈഡർമാരും പുതിയ ലെയ്ൻ നിയമങ്ങൾ പാലിക്കണമെന്നും ഓരോ വാഹന വിഭാഗത്തിനും നിയുക്തമാക്കിയിരിക്കുന്ന ലൈനുകളെ മാനിക്കണമെന്നും ഷാർജ പൊലിസ് അഭ്യർത്ഥിച്ചു.
ഗതാഗത സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും എമിറേറ്റിലുടനീളം കാര്യക്ഷമവും സംഘടിതവുമായ മൊബിലിറ്റി ഉറപ്പാക്കുന്നതിനുമുള്ള വിശാലമായ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ നിയന്ത്രണം എന്ന് അതോറിറ്റി വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates