

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂര്‍ നടുവട്ടം തെക്കേ പീടിക്കല്‍ വീട്ടില്‍ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോന്‍) ഭാര്യ രഹന (52), മൂത്ത മകള്‍ ഡോ. നഹ്‌ല നര്‍മിന്‍ (29) എന്നിവരാണ് മരിച്ചത്. ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ഉംറ നിര്‍വഹിക്കാനെത്തിയവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫില്‍ നിന്നും റിയാദിലേക്കുള്ള എക്‌സ്പ്രസ്സ് ഹൈവേയില്‍ ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള 'ദലം' എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെണ്‍മക്കള്‍, ഒരു പേരക്കുട്ടി എന്നിവര്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് കാറിന്റെ മുന്‍വശത്തെ ഗ്ലാസ്സില്‍ (വിന്‍ഡ്ഷീല്‍ഡ്) വന്ന് പതിക്കുകയും, ഇതോടെ ഡ്രൈവര്‍ക്ക് കാഴ്ച പൂര്‍ണ്ണമായി മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ പലതവണ മറിയുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായ അബ്ദുല്ലത്തീഫ് ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. അപകടത്തില്‍ മരിച്ച രഹന ഉമര്‍കുട്ടി - മെഹറുന്നിസ കുമ്മത്ത് ദമ്പതികളുടെ മകളാണ്. നിലവില്‍ മൃതദേഹങ്ങള്‍ ദലം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates