

ദുബൈ: പാസ്‌പോർട്ട് സേവനങ്ങൾക്കായി അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ കാത്തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനവുമായി ഇന്ത്യൻ എംബസി. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് മുൻകൂർ ബുക്കിങ് ഇല്ലാതെയും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി നേരിട്ട് കേന്ദ്രങ്ങളിൽ എത്താം. യുഎഇയിലെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും ഈ സൗകര്യം ഏർപ്പെടുത്തിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
തത്കാൽ പാസ്‌പോർട്ട് അപേക്ഷകർ, നവജാത ശിശുക്കൾ, എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകർ, 60 വയസും അതിന് മുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് മുൻകൂർ ബുക്കിങ് ഇല്ലാതെ അപേക്ഷ സമർപ്പിക്കാനാകുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് വാക്ക് ഇൻ അപേക്ഷകൾ സ്വീകരിക്കുക. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും അപേക്ഷകൾ പരിഗണിക്കുക.
അതേസമയം, മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തവർക്ക് ബുക്ക് ചെയ്ത സമയത്ത് സേവനം ലഭിക്കും. 16 ഐസിഎസി കേന്ദ്രങ്ങളുടെയും വിവരങ്ങളും ബുക്കിങ് സൗകര്യവും ഔദ്യോഗിക പോർട്ടലിൽ ലഭ്യമാണ്. പുതിയ സർവീസ് പ്രൊവൈഡറിലേക്കുള്ള മാറ്റത്തെ തുടർന്നുണ്ടായ തിരക്ക് ഇപ്പോൾ കുറഞ്ഞതായി അധികൃതർ അറിയിച്ചു. സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിലും തത്കാൽ അപേക്ഷകൾ മൂന്ന് ദിവസത്തിനുള്ളിലും പ്രോസസ് ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.