

ദുബൈ: സ്‌കൂള്‍ വിനോദയാത്രകളില്‍ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട നടപടിക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളുമായി യുഎഇയിലെ സ്‌കൂളുകള്‍. വിനോദയാത്രകളില്‍ പങ്കെടുക്കുന്നതിന് മുന്‍പായി പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും അറിയിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിന് വിലക്ക്, സ്‌കൂള്‍ യൂണിഫോം പൂര്‍ണമായും ധരിക്കല്‍, മുന്‍കൂട്ടിയുള്ള അനുമതി എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ചട്ടങ്ങള്‍. സ്‌കൂള്‍ അധികൃതരെ അറിയിക്കാതെ യാത്രയ്ക്ക് ശേഷം രക്ഷിതാക്കള്‍ കുട്ടികളെ നേരിട്ട് കൂട്ടിക്കൊണ്ടുപോകാന്‍ പാടില്ല. വിദ്യാര്‍ഥികള്‍ നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് വിലയിരുത്താന്‍ 'പോസിറ്റീവ്', 'നെഗറ്റീവ്' പോയിന്റുകള്‍ നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സ്‌കൂള്‍ ഹാജര്‍ സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്യും.
പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിനോദയാത്രകളിലും സ്‌കൂള്‍ അച്ചടക്കം മെച്ചപ്പെടുത്തുക, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുക, സ്‌കൂളില്‍ നിന്ന് പുറപ്പെടുന്ന സമയം മുതല്‍ തിരിച്ചെത്തുന്നതുവരെ കൃത്യമായ മേല്‍നോട്ടം ഉറപ്പാക്കുക എന്നിവയാണ് ഈ നടപടികളുടെ ലക്ഷ്യം. വിനോദയാത്രകളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
വിനോദയാത്രകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് നിയമലംഘനമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെ വിവരം അറിയിക്കും, നിയമങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനും, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വ്യക്തിഗത ഉപകരണങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കുറയ്ക്കാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്.
പെണ്‍കുട്ടികള്‍ വിനോദയാത്രകളില്‍ സ്‌കൂള്‍ യൂണിഫോം പൂര്‍ണ്ണമായും ധരിക്കണമെന്നും, മറ്റ് വസ്ത്രങ്ങള്‍ ധരിക്കുകയോ മേക്കപ്പ് ഉപയോഗിക്കുകയോ ചെയ്യരുതെന്നും നിബന്ധനയുണ്ട്. സ്‌കൂള്‍ അധികൃതരെ അറിയിക്കാതെ, വിനോദയാത്ര നടക്കുന്ന സ്ഥലങ്ങളില്‍ നിന്നോ യാത്രയ്ക്ക് ശേഷമോ രക്ഷിതാക്കള്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. യാത്രകളില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates