

ദുബൈ: ദുബൈയിലെ അല്‍ സഫ 2 പാര്‍ക്ക് നിര്‍മിതബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനര്‍രൂപകല്‍പന ചെയ്യാന്‍ സാധിച്ചാല്‍ വന്‍ തുക സമ്മാനം. മികച്ച ആശയങ്ങള്‍ക്ക് ആകെ 50 ലക്ഷത്തിലേറെ രൂപ(രണ്ട് ലക്ഷം ദിര്‍ഹം) യാണ് സമ്മാനമായി ലഭിക്കുക. ദുബായ് മുനിസിപാലിറ്റി പുതുതായി ആരംഭിച്ച പൊതു പാര്‍ക്ക് ഡിസൈന്‍ ചലഞ്ചിലൂടെയാണ് ഈ സുവര്‍ണാവസരം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 25ന് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈക്കായി മൂന്ന് പുതിയ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. അതിലൊന്നാണ് എഐ ഡിസൈന്‍ ചെയ്ത പബ്ലിക് പാര്‍ക്ക്. ഇതിന്റെ ഭാഗമായി ഇന്നലെയാണ് ഡിസൈന്‍ ചലഞ്ചുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തിയത്. നഗരാസൂത്രകര്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍, എഐ സാങ്കേതികവിദ്യയില്‍ മികവ് തെളിയിച്ച പുതുസംരംഭങ്ങള്‍ എന്നിവര്‍ക്ക് ഈ മത്സരത്തില്‍ പങ്കാളികളാകാം.
200,000 ദിര്‍ഹം ( അഞ്ച് കോടിയിലധികം രൂപ) ആണ് മൊത്തം സമ്മാനത്തുക. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തിന് 65,000 ദിര്‍ഹവും മൂന്നാം സ്ഥാനത്തിന് 35,000 ദിര്‍ഹവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായാണ് ദുബൈ മുന്‍കൈ എടുക്കുന്നത്.
മത്സരാര്‍ഥികള്‍ തങ്ങളുടെ രൂപകല്‍പ്പനയുടെ എല്ലാ ഘട്ടങ്ങളിലും നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പ്രദേശത്തിന്റെ ഘടന വിശകലനം ചെയ്യുക, ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുക, തണലും കാലാവസ്ഥാ വ്യതിയാനങ്ങളും വിലയിരുത്തുക, ഒടുവില്‍ മികച്ച ഒരു മാതൃക സൃഷ്ടിക്കുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വഴി നവീകരണ പ്രക്രിയ വേഗത്തിലാക്കാനും നഗരവാസികള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന രീതിയില്‍ പൊതു ഇടങ്ങള്‍ മാറ്റിയെടുക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. മനുഷ്യന്റെ സര്‍ഗാത്മകതയും സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഒരു പങ്കാളിത്ത മാതൃകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുബൈ മുനിസിപാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്(https://aipark.dm.gov.ae/ai-competi-tion) വഴി വരും ഓഗസ്റ്റ് 15 വരെ മത്സരത്തില്‍ പങ്കെടുക്കാന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡാറ്റാ വിശകലനങ്ങള്‍, വിശദമായ ഡ്രോയിങ്ങുകള്‍, സുസ്ഥിരമായ പരിഹാരങ്ങള്‍ എന്നിവ അടങ്ങിയ സമഗ്രമായ പ്ലാന്‍ ആണ് സമര്‍പ്പിക്കേണ്ടത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരായ ഡിസൈനര്‍മാരും ദുബായ് ഗവണ്‍മെന്റിലെ ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന വിദഗ്ധ സമിതിയാണ് അപേക്ഷകള്‍ പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഡിസൈനുകളില്‍ നിന്ന് അന്തിമ വിജയികളെ കണ്ടെത്താന്‍ പ്രാദേശിക നിവാസികളുടെ അഭിപ്രായവും തേടും. ദുബായ് മുനിസിപാലിറ്റിയിലെയും ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷനിലെയും പ്രമുഖ ഉദ്യോഗസ്ഥരും എംഐടി ഡിസൈന്‍ ലാബ് ഡയറക്ടര്‍ കാര്‍ലോ റാറ്റി ഉള്‍പ്പെടെയുള്ള രാജ്യാന്തര വിദഗ്ധരും അടങ്ങുന്നതാണ് ഇതിനായുള്ള ജൂറി പാനല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates