

ദുബൈ: യുഎഇയിലെ ഓൺലൈൻ ഗിഗ് തൊഴിലാളികളിൽ മൂന്നിലൊന്ന് പേരും സ്ത്രീകളാണെന്ന് പഠനം. ഇത് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ (മെന രാജ്യങ്ങൾ- MENA) മേഖലയിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് ലോക ബാങ്ക് പഠനം പറയുന്നു.
യുഎഇ ഉൾപ്പടെ ഗൾഫ് മേഖലയിലും നോർത്ത് അഫ്രിക്കൻ രാജ്യങ്ങളിലും തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്ക് വർദ്ധിക്കുന്നു, പ്രത്യേകിച്ച് സാങ്കേതിക മേഖലയിലെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം വർക്ക്‌പ്ലേസ് കൾച്ചർ കൺസൾട്ടൻസിയായ അവതാർ ഗ്രൂപ്പ് പ്രസിദ്ധീകരിച്ച പഠനത്തിൽ ജി സി സി രാജ്യങ്ങളിലെ പുതിയ നിയമനങ്ങളിൽ 42 ശതമാനം സ്ത്രീകളാണെന്ന് കണ്ടെത്തിയിരുന്നു.
"പരമ്പരാഗത, അനൗപചാരിക തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരേക്കാൾ പ്രായം കുറഞ്ഞവരാണ് ഓൺലൈൻ ഗിഗ് തൊഴിലാളികൾ. മാത്രമല്ല, മെന ( മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ)രാജ്യങ്ങളിലെ മൊത്തം കണക്കെടുത്താൽ ഓൺലൈൻ ഗിഗ് തൊഴിലാളികളിൽ 28 ശതമാനം സ്ത്രീകളാണ്." എന്ന് ലോക ബാങ്ക് അതിന്റെ ഏറ്റവും പുതിയ പഠനത്തിൽ പറഞ്ഞു.
ലെബനനിൽ ആണ് ഏറ്റവും കൂടുതൽ സ്ത്രീകൾ ഈ മേഖലയിൽ ഗിഗ് തൊഴിലാളികളായുള്ളത്. 38 ശതമാനം പേരാണ് ലെബനനിൽ ഇങ്ങനെ ജോലി ചെയ്യുന്നത്.തൊട്ടുപിന്നിൽ സൗദി അറേബ്യ (33 ശതമാനം)യും, മുന്നാം സ്ഥാനത്ത് യുഎഇ (32 ശതമാനം)യുമാണ്.
സ്ത്രീകൾക്ക് ലഭിക്കുന്ന തൊഴിൽ സമയ ക്രമീകരണങ്ങളുടെ ആകർഷണീയതയാണ് ഇതിന് കാരണമാകുന്നതെന്ന് ലോക ബാങ്ക് പ്രസിദ്ധീകരിച്ച എംബ്രേസിങ് ആൻഡ് ഷേപ്പിങ് ചേഞ്ച് - ഹ്യൂമൻ ഡെവലപ്മെന്റ് ഫോർ ദി മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഇൻ ട്രാൻസിഷൻ എന്ന പഠനത്തിൽ പറയുന്നു.
ഈ മേഖലയിലെ ചില രാജ്യങ്ങൾ, പ്രത്യേകിച്ച് യുഎഇ, സൗദി അറേബ്യ തുടങ്ങി ജിസിസിയിലെ അംഗങ്ങളായ രാജ്യങ്ങൾ, ഡിജിറ്റൽ തൊഴിൽ മേഖലയുടെ പ്രാദേശിക കേന്ദ്രങ്ങളായി മാറുകയാണെന്നും പഠനത്തിൽ നിരീക്ഷിക്കുന്നു.
പൊതുവിൽ ഈ മേഖലയിലെ രാജ്യങ്ങളിൽ സ്ത്രീ ജനസംഖ്യയിലെ വർദ്ധനവിനനുസരിച്ച്, തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്ക് കൂടി വരുകയാണ്, പ്രത്യേകിച്ച് സാങ്കേതിക മേഖലകളിലെ തൊഴിലുകളിലെ വനിതാ സാന്നിദ്ധ്യം.
ഗിഗ് ജോലിയുടെ കാര്യത്തിൽ, മിക്ക സ്ത്രീകളും സോഫ്റ്റ്‌വെയർ വികസനത്തിലേക്കും മൾട്ടിമീഡിയ സേവനങ്ങളിലേക്കും ആണ് ശ്രദ്ധ പതിപ്പിക്കുന്നത്.
"എല്ലാ പ്രധാന മെന രാജ്യങ്ങളിലും, പ്രബലമായ ഓൺലൈൻ ഗിഗ് തൊഴിൽ, സോഫ്റ്റ്‌വെയർ വികസനവും സാങ്കേതികവിദ്യയുടെയും മേഖലയിലാണ്. 38 മുതൽ 50 ശതമാനം വരെ ഗിഗ് തൊഴിലാളികൾ ഈ മേഖലയിലാണ് ജോലി ചെയ്യുന്നത്. അതേസമയം, ക്രിയേറ്റീവ്, മൾട്ടിമീഡിയ സേവനങ്ങൾ, ക്ലറിക്കൽ ജോലി, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് മേഖലകൾക്കും ചെറുതാണെങ്കിലും ശ്രദ്ധേയമായ സാന്നിദ്ധ്യം കാണാനാകുമെന്ന്," പഠനം വിശദീകരിക്കുന്നു.
ഗിഗ് സമ്പദ്‌വ്യവസ്ഥ മെനരാജ്യങ്ങളിലുടനീളം പ്ലാറ്റ്‌ഫോം അധിഷ്ഠിത തൊഴിൽ അവസരങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ ഗിഗ് തൊഴിലാളികളുടെ കാര്യത്തിൽ ഈ മേഖലയിൽ മുന്നിൽ നിൽക്കുന്ന രാജ്യം ഈജിപ്ത് ആണ്. ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്തുള്ള ഇവിടെ, ആഗോള തൊഴിൽ ശക്തിയുടെ ഏകദേശം രണ്ട് ശതമാനം ഇവിടെയാണ്.
മൊറോക്കോ, യുഎഇ, ലെബനൻ, അൾജീരിയ എന്നീ രാജ്യങ്ങളും ഈ രംഗത്ത് മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ്, ഇത് ഡിജിറ്റൽ തൊഴിൽ വിപണിയിലെ മെന രാജ്യങ്ങളുടെ പങ്ക് ഏകദേശം നാല് ശതമാനമാക്കി.
ഗിഗ് ജോലിയുമായി ബന്ധപ്പെട്ട് സമയക്രമങ്ങളിൽ ലഭിക്കുന്ന സൗകര്യമാണ് ഈ മേഖലയിലെ ആകർഷകമായ ഘടകമെന്ന് ആഗോളതലത്തിൽ നടക്കുന്ന സർവേകൾ സൂചിപ്പിക്കുന്നു. സ്ത്രീകൾക്കും ഭിന്നശേഷിയുള്ളവർക്കും പ്രത്യേകിച്ച് വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ പരിമിതമായ വികസ്വര നഗരങ്ങളിൽ (സെക്കൻഡറി സിറ്റി), ജോലി ലഭ്യതയുടെ സാധ്യത പരിമിതമാണ്. അതുകൊണ്ട് തന്നെ ഗിഗ് ജോലികൾക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates