മുംബൈ ഭീകരാക്രമണം നടന്നിട്ട് 15 വര്‍ഷം; ഭീകരതയെ ചെറുക്കാനുള്ള പ്രതിജ്ഞ പുതുക്കണമെന്ന് രാഷ്ട്രപതി, ഹീനമായ ദിനമെന്ന് പ്രധാനമന്ത്രി 

26/11 മുംബൈ ഭീകരാക്രമണത്തിന് ഇരയായ എല്ലാവരെയും രാജ്യം വേദനയോടെ ഓര്‍ക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഭീകരാക്രമണം നടന്ന താജ് ഹോട്ടല്‍/ ഫോട്ടോ: എക്‌സ്പ്രസ് ഫയല്‍
ഭീകരാക്രമണം നടന്ന താജ് ഹോട്ടല്‍/ ഫോട്ടോ: എക്‌സ്പ്രസ് ഫയല്‍
Updated on
2 min read

മുംബൈ:  രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം. സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഭീകരാക്രമണ പരമ്പര നടന്നത് 2008 നവംബര്‍ 26നാണ്.  ലഷ്‌കര്‍ ഇ തൊയ്ബ എന്ന ഭീകരസംഘടനയുമായി ബന്ധമുള്ള പത്ത് തീവ്രവാദികളാണ് ആക്രമണം നടത്തിയത്. 

26/11 മുംബൈ ഭീകരാക്രമണത്തിന് ഇരയായ എല്ലാവരെയും രാജ്യം വേദനയോടെ ഓര്‍ക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു എക്‌സില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും ഹീനമായ ആക്രമണമായിരുന്നുവെന്നും മറക്കാനാകാത്ത ദിനമെന്നും പ്രധാമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.
 

ധീരരായ ആത്മാക്കളുടെ സ്മരണയ്ക്കായി ഞങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം നില്‍ക്കുന്നു. മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ പരമോന്നത ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട്, എല്ലായിടത്തും എല്ലാത്തരം ഭീകരതയെയും ചെറുക്കാനുള്ള പ്രതിജ്ഞ നമുക്ക് പുതുക്കാമെന്നാണ് രാഷ്ട്രപതി കുറിച്ചത്. 

അറുപത് മണിക്കൂറോളമാണ് ആക്രമണം നീണ്ട് നിന്നത്. നഗരത്തിലുടനീളം ഒന്നിലധികം സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രാത്രിയില്‍ മുംബൈ നഗരം ഉറങ്ങാനൊരുങ്ങുമ്പോള്‍ നടത്തിയ ആക്രമണം ഇന്ത്യക്ക് ഇന്നും മറക്കാനാവില്ല. 
താജ്മഹല്‍ പാലസ് ഹോട്ടല്‍, ഒബ്‌റോയ് ട്രിഡന്റ് ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ ഹൗസ്, പ്രശസ്ത കഫേയായ ലിയോപോള്‍ഡ് തുടങ്ങി മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കേറിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ത്യന്‍ ആര്‍മി ആക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ പിടിച്ചെടുക്കുന്നത് വരെ നീണ്ടുനിന്ന പോരാട്ടത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരും പൗരന്മാരും അടക്കം 160ല്‍ അധികം നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞു. ഒട്ടനവധി പേര്‍ക്ക് പരിക്കേറ്റു.  

സുരക്ഷാസേന തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് ഭീകരരെ നേരിട്ടത്. മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു സൈന്യത്തിന്റേത്. ഭീകരാക്രമണത്തിലുണ്ടായ ജീവഹാനിയുടെ ദുഃഖത്തിനപ്പുറം ഇന്ത്യയുടെ പ്രതിരോധ മാര്‍ഗങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. സംഭവത്തിന് ശേഷം രാജ്യത്തിന്റെ സുരക്ഷാനടപടികളും അടിയന്തര പ്രതികരണ സംവിധാനങ്ങളും വര്‍ധിപ്പിച്ചു. ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഇന്ന് എല്ലാ രീതിയിലും രാജ്യം സജ്ജമാണ്. ഭീകരതയെ നേരിടുമെന്നുള്ള ദൃഢനിശ്ചയം പിന്നീടിങ്ങോട്ട് പലപ്പോഴും ഫലപ്രാപ്തിയിലെത്തുന്നത് കാണാനായി. ഭീകരാക്രമണത്തെ എല്ലാ രീതിയിലും ചെറുക്കുന്നതില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയായി. 

മുഹമ്മദ് അജ്മല്‍ അമിര്‍ കസബ് ഉള്‍പ്പെടുന്ന സംഘം ആണ് ആക്രമണം നടത്തിയത്. ആക്രമണം നടന്ന പിറ്റേന്ന് നവംബര്‍ 27ന് തന്നെ അജ്മല്‍ കസബിനെ പൊലീസ് ജീവനോടെ പിടികൂടി. ഒമ്പതോളം തീവ്രവാദികളെ വധിച്ച് എല്ലാ പ്രദേശങ്ങളും ഇന്ത്യന്‍ സുരക്ഷാ സേന തിരിച്ചു പിടിച്ചു. 2012ല്‍ അജ്മല്‍ കസബിനെ പൂനെയിലെ യേരവാഡ ജയിലില്‍ തൂക്കിക്കൊന്നു. 

അന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നാണ് രാജ്യത്തിന് പിന്തുണ എത്തിയത്. ഇതോടെ ഇത്തരം അതിക്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതില്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം ഇന്ത്യക്കൊപ്പം മറ്റ് ലോകരാജ്യങ്ങളും മനസിലാക്കി. ലഷ്‌കര്‍ ഇ തൊയ്ബയെ ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഭീകരസംഘടനയായി പ്രഖ്യാപിച്ചു. 
മുംബൈ ഭീകരാക്രമണ വാര്‍ഷികത്തോടനുബന്ധിച്ച് നഷ്ടപ്പെട്ട ജീവനുകളെ ഓര്‍മിച്ച്  ധീരതയുടെ ഓര്‍മദിനം കൂടിയാണ് ഇന്ന്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com