

ബംഗളൂരു: കോവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. ആശുപത്രി ജീവനക്കാരനും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കേസിൽ രണ്ട് പ്രതികളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.
ആശുപത്രി ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് ശനിയാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കുട്ടിയുടെ അമ്മയെ ശിവമോഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 15 ദിവസമായി ചികിത്സയിൽ കഴിയുന്ന അമ്മയെ 16-കാരിയായ മകളാണ് പരിചരിച്ചിരുന്നത്. അതിനിടെ ആശുപത്രിയിലെ കരാർ ജീവനക്കാരനായ യുവാവ് പെൺകുട്ടിയുമായി സൗഹൃദത്തിലായി.
ശനിയാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയത്. യാത്രയ്ക്കിടയിൽ ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പേർ കൂടി കാറിൽ കയറി. തുടർന്ന് ശിവമോഗയ്ക്ക് സമീപത്തെ അയനുരു ഭാഗത്തേക്ക് കാർ ഓടിച്ചു പോവുകയും ഹൈവേയുടെ സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്ത് കാർ നിർത്തുകയും ചെയ്തു. ഇവിടെവെച്ചാണ് നാല് പേരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ശേഷം രാത്രിയോടെ പെൺകുട്ടിയെ ആശുപത്രിയിൽ തിരികെ എത്തിച്ചു.
ചികിത്സയിലുള്ള അമ്മയോടാണ് തനിക്കുണ്ടായ ദുരനുഭവം പെൺകുട്ടി ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ ആശുപത്രി അധികൃതരെയും ബന്ധുക്കളെയും വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതികളായ രണ്ട് പേരെയും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. ഒളിവിൽ പോയവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates