കിഴക്കോട്ട് ദര്‍ശനം 'ഐശ്വര്യം', 12 വലിയ മുറികള്‍, 160 വര്‍ഷം പഴക്കമുള്ള കെട്ടിടം ഇനി ഡികെയുടെ ഔദ്യോഗിക വസതി; അറിയാം കുമാരകൃപ ബംഗ്ലാവിന്റെ ചരിത്രം?

കര്‍ണാടക മുഖ്യമന്ത്രിമാരുടെ പരമ്പരാഗത ഔദ്യോഗിക വസതികളായ കൃഷ്ണ, കാവേരി, അനുഗ്രഹ എന്നിവയൊന്നും വേണ്ടെന്ന് പറഞ്ഞ ഡികെ ശിവകുമാര്‍ തന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും താമസത്തിനുമായി തെരഞ്ഞെടുത്തത് ചരിത്രപ്രസിദ്ധമായ കുമാരകൃപ ബംഗ്ലാവ്
 Kumarakrupa bungalow
Kumarakrupa bungalow PHOTO: EXPRESS
Edited By:
Updated on
2 min read

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിമാരുടെ പരമ്പരാഗത ഔദ്യോഗിക വസതികളായ കൃഷ്ണ, കാവേരി, അനുഗ്രഹ എന്നിവയൊന്നും വേണ്ടെന്ന് പറഞ്ഞ ഡികെ ശിവകുമാര്‍ തന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും താമസത്തിനുമായി തെരഞ്ഞെടുത്തത് ചരിത്രപ്രസിദ്ധമായ കുമാരകൃപ ബംഗ്ലാവ്. ബംഗളൂരുവിലെ ഏറ്റവും പഴക്കം ചെന്ന പൈതൃക കെട്ടിടങ്ങളിലൊന്നായ ഈ 160 വര്‍ഷം പഴക്കമുള്ള വസതി നിലവില്‍ നവീകരണത്തിലാണ്. രണ്ട് മാസത്തിനകം ഇത് സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് വരെ മുന്‍ മുഖ്യമന്ത്രിമാര്‍ താമസിച്ചിരുന്ന വസതികളില്‍ നിന്ന് അല്‍പ്പം മാത്രം അകലെയുള്ള ഈ ബംഗ്ലാവ് ഇതുവരെ സര്‍ക്കാര്‍ അതിഥി മന്ദിരമായാണ് പ്രവര്‍ത്തിച്ചിരുന്നത്. വിശാലമായ ഈ കെട്ടിടത്തില്‍ 12 വലിയ മുറികള്‍, ഹാള്‍, അടുക്കള, മറ്റ് സൗകര്യങ്ങള്‍ എന്നിവയുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഫ്‌ലോറിങ്, ഇലക്ട്രിക്കല്‍ ജോലികള്‍, കാര്‍പെറ്റിങ്, പെയിന്റിങ്, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നടക്കുന്നത്. പഴക്കം ചെന്ന തേക്ക് തടിയില്‍ തീര്‍ത്ത വാതിലുകളും, ജനലുകളും, അലമാരകളും ഈ കെട്ടിടത്തിന് ഒരു പഴയകാല ഭംഗി നല്‍കുന്നു. കല്ല് പാകിയ ഇതിന്റെ പുറംഭാഗം ഒരു വാസ്തുവിദ്യാ അത്ഭുതമായി ഇന്നും നിലകൊള്ളുന്നു.

കിഴക്കോട്ട് ദര്‍ശനമുള്ള ഈ ബംഗ്ലാവ് ശിവകുമാറിന്റെ വാസ്തു താല്പര്യങ്ങള്‍ക്ക് അനുയോജ്യമാണെന്ന് പറയപ്പെടുന്നു. വിധാന സൗധയിലെ മുഖ്യമന്ത്രിയുടെ ചേംബറിലെ ഇരിപ്പിടം കിഴക്കോട്ട് ദര്‍ശനമായി മാറ്റാന്‍ അദ്ദേഹത്തിന്റെ വാസ്തു ഉപദേശകര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലും അദ്ദേഹം കിഴക്കോട്ടാണ് തിരിഞ്ഞുനിന്നത്.

നിലവില്‍ ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമാനി കുമാരകൃപ അതിഥി മന്ദിരത്തിലെ ഒരു മുറിയിലാണ് താമസിക്കുന്നത്. അദ്ദേഹം അതിഥി മന്ദിരത്തിലേക്ക് മാറും. കോവിഡ് കാലത്തെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിച്ചിരുന്ന മൂന്ന് മുറികളും മഗാഡി റോഡിനടുത്തുള്ള ആരോഗ്യ സൗധയിലേക്ക് മാറ്റും.

അതേസമയം, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ 'കാവേരി' വസതിയിലാണ് താമസിക്കുന്നത്. അദ്ദേഹം അത് ഒഴിഞ്ഞു കൊടുക്കാന്‍ സാധ്യതയില്ല. ഈ വസതി തന്റെ മകനും മന്ത്രിയുമായ ഡോ. യതീന്ദ്രയ്ക്ക് അനുവദിച്ച് കിട്ടാന്‍ അദ്ദേഹം ആവശ്യപ്പെട്ടേക്കുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ഈ വളപ്പിലുള്ള ഒരു സര്‍ക്കാര്‍ കെട്ടിടം പൊളിച്ച് മീറ്റിങ് ഹാള്‍ നിര്‍മ്മിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

1883-നും 1901-നും ഇടയില്‍ മൈസൂര്‍ മഹാരാജാക്കന്മാരായ ചാമരാജ വടിയാര്‍, കൃഷ്ണരാജ വടിയാര്‍ നാലാമന്‍ എന്നിവരുടെ കീഴില്‍ ദിവാനായി സേവനമനുഷ്ഠിച്ച സര്‍ കെ ശേഷാദ്രി അയ്യരുടെ സ്വകാര്യ വസതിയായിരുന്നു കുമാരകൃപ ബംഗ്ലാവെന്ന് ചരിത്രകാരന്‍ സുരേഷ് മൂന പറയുന്നു. 'അക്കാലത്ത് ഇത് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഉയര്‍ന്ന പ്രദേശമായിരുന്നു. ആധുനിക ബംഗളൂരുവിന് അടിത്തറയിട്ട പുരോഗമനവാദിയായ ദിവാനായിരുന്നു ശേഷാദ്രി അയ്യര്‍. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഏഷ്യയില്‍ തന്നെ ആദ്യമായി ബംഗളൂരു നഗരത്തില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ചത്. ഹെസരഘട്ടയില്‍ നിന്ന് നഗരത്തിലേക്ക് വെള്ളം പമ്പ് ചെയ്തതും അദ്ദേഹത്തിന്റെ കാലത്താണ്. ശേഷാദ്രിപുരവും ശേഷാദ്രി റോഡും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്,'- മൂന പറഞ്ഞു.

കുമാരസ്വാമി (ഷണ്മുഖന്‍) ഭക്തനായിരുന്ന ശേഷാദ്രി അയ്യര്‍, അതുകൊണ്ടാണ് തന്റെ വസതിക്ക് 'കുമാരകൃപ' എന്ന് പേരിട്ടത്. ഇതിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, ഈ കെട്ടിടം ഒരു വസതിയാക്കി മാറ്റുന്നതിന് പകരം ഒരു സ്മാരകമായി സംരക്ഷിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1927ല്‍ ബംഗളൂരു സന്ദര്‍ശിച്ച വേളയില്‍ മഹാത്മാഗാന്ധി ഇവിടെയാണ് താമസിച്ചിരുന്നത്. മുന്‍ മുഖ്യമന്ത്രി എസ് നിജലിംഗപ്പയും ഒരിക്കല്‍ ഇത് തന്റെ വസതിയാക്കിയിരുന്നു.

 Kumarakrupa bungalow
'ജനങ്ങള്‍ ഈശ്വരന്റെ പ്രതിരൂപം; ദീര്‍ഘകാലം സേവിക്കാനായത് ദൈവകൃപ; എന്റെ ഭാഗ്യം'

ഈ പൈതൃക സ്വത്ത് മുഖ്യമന്ത്രിയുടെ വസതിയാക്കി മാറ്റുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍, വിഐപി പ്രവാഹം, വര്‍ദ്ധിച്ചുവരുന്ന വാഹന ഗതാഗതം എന്നിവ കാരണം ഇവിടുത്തെ ഹരിതാഭമായ അന്തരീക്ഷത്തിന് കോട്ടം തട്ടിയേക്കാമെന്നാണ് പരിസ്ഥിതിവാദികള്‍ വാദിക്കുന്നത്.

 Kumarakrupa bungalow
എഥനോള്‍ മിശ്രിത പെട്രോളിന് എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം; ലക്ഷ്യം ബയോഫ്യൂവല്‍ പ്രോത്സാഹനം
Summary

160-year-old, 12-room Kumarakrupa bungalow to be DKS official residence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com