

ന്യൂഡല്‍ഹി: കേന്ദ്രത്തിന് പിന്നാലെ 19 സംസ്ഥാനങ്ങളിലും ഭരണത്തിലേറി ബിജെപിയുടെ ജൈത്രയാത്ര തുടരുന്നു. നരേന്ദ്രമോദി- അമിത് ഷാ ദ്വയത്തിന്റെ നേതൃത്വത്തില്‍ ചുരുങ്ങിയ കാലം കൊണ്ടാണ് ബിജെപി ഈ നേട്ടം സ്വന്തമാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ വേളയില്‍ കേവലം എട്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി അധികാരത്തിലുണ്ടായിരുന്നത്. ഇതില്‍ നിന്നുമാണ് മോദി- അമിത് ഷാ കൂട്ടുകെട്ടില്‍ 19 സംസ്ഥാനങ്ങളിലേക്ക് ബിജെപി വളര്‍ന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വരെ മാറ്റം വരുത്തി കൊണ്ടാണ് ബിജെപിയുടെ ജൈത്രയാത്ര തുടരുന്നത്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ കര്‍ണാടക മാത്രമാണ് ഏറ്റവും വലിയ സംസ്ഥാനം. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് എതിരായ ഭരണവിരുദ്ധ വികാരം കര്‍ണാടകയിലും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ നേരിട്ടും സഖ്യമായി നിന്നും എട്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി ഭരണം കൈയാളിയിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ മൂന്നരവര്‍ഷത്തെ പാര്‍ട്ടിയുടെ കേന്ദ്രഭരണത്തില്‍ 11 സംസ്ഥാനങ്ങളുടെ ഭരണം കൂടി പിടിച്ചെടുക്കുന്ന നിലയിലേക്ക് ബിജെപി വളര്‍ന്നു. സിക്കിമില്‍ ഭരണത്തില്‍ പങ്കാളിയായാണ് ബിജെപിയുടെ തുടക്കം. തുടര്‍ന്ന് വിഭജിക്കപ്പെട്ട ആന്ധ്രാപ്രദേശില്‍ ടിഡിപിയുടെ സഖ്യകക്ഷിയായി ബിജെപി . പിന്നിടും അതിര്‍ത്തികള്‍ കടന്ന് ബിജെപിയുടെ വേരുകള്‍ ആഴത്തിലിറങ്ങുന്നതിനാണ് രാജ്യം സാക്ഷിയായത്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. സമാനമായ നയങ്ങള്‍ പിന്തുടരുന്ന ശിവസേനയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ ഭരണം നടത്തുകയാണ് ബിജെപി ഇപ്പോള്‍. ഹരിയാനയിലും ബിജെപിയുടെ തേരോട്ടം രാജ്യം വീക്ഷിച്ചു. ജമ്മുകശ്മീരില്‍ പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചു. ഇതിനിടെ ബിഹാറില്‍ തിരിച്ചടി നേരിട്ടെങ്കിലും അമിത് ഷാ- മോദി തന്ത്രത്തില്‍ ബീഹാറിലും താമര വിടര്‍ന്നു. ഒരു കാലത്ത് മോദിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവായിരുന്ന നിതീഷ് കുമാര്‍ പിന്നിട് മിത്രമാകുന്നതിനും രാജ്യം സാക്ഷിയായി. അസാമിലും അരുണാചല്‍ പ്രദേശിലും വെന്നിക്കൊടി പാറിച്ച് ബിജെപി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സ്വാധീനം വര്‍ധിപ്പിച്ചു.
ഇതിനിടെ ബിജെപി പരാജയം രുചിച്ചത് കേരളം, തമിഴ്‌നാട്, ബംഗാള്‍, പഞ്ചാബ് എന്നി സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞടുപ്പുകളില്‍ മാത്രമാണ്. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അകാലിദള്‍- ബിജെപി ഭരണത്തിന് എതിരായ ഭരണവിരുദ്ധവികാരം പ്രയോജനപ്പെടുത്തി. എങ്കിലും കേരളത്തിലും ബംഗാളിലും ബിജെപിക്ക് സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞത് മോദി- അമിത് ഷാ ദ്വയത്തിന്റെ രാജ്യതന്ത്രജ്ഞതയുടെ ഫലമാണെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ നോട്ടുഅസാധുവാക്കല്‍, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളും ഫാസിസം, വര്‍ഗീയത അടക്കമുളള വിഷയങ്ങളുമാണ് പ്രതിപക്ഷം മുഖ്യമായി ബിജെപിക്ക് എതിരെ ആയുധമാക്കിയത്. ഒരു ഘട്ടത്തില്‍ ബിജെപി പതറുന്നതായുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ മങ്ങിയ പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതാണ് കണ്ടത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ബിജെപിക്ക് പുറമേ മോദിക്കും പരീക്ഷണശാലയായിരുന്നു. അഭിപ്രായ സര്‍വ്വേ ഫലങ്ങളും എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ച നേട്ടം ബിജെപിക്ക് ഗുജറാത്തില്‍ ആവര്‍ത്തിക്കാന്‍ സാധിച്ചു. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അതേപ്പടി പ്രതിഫലിച്ചില്ല. കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കുന്ന വിജയം ബിജെപി നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ കേവലഭൂരിപക്ഷത്തിന് തൊട്ടുമുകളില്‍ എത്താന്‍ മാത്രമേ ബിജെപിക്ക് സാധിച്ചുളളു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates