

ജയ്പൂര്‍: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ജെയ്‌സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ ജെയ്‌സാല്‍മീറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തായെട്ട് എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം. കുട്ടികളും സ്ത്രീകളുമടക്കം 15 പേര്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്.
57 യാത്രക്കാരുമായാണ് ജെയ്‌സാല്‍മീറില്‍ നിന്ന് ബസ് പുറപ്പെട്ടത്. യാത്ര തുടങ്ങി അല്‍പസമയത്തിനകം തന്നെ ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് പുക ഉയരുകയും തീ പടരുകയുമായിരുന്നു എന്നാണ് രക്ഷപ്പെട്ട യാത്രക്കാര്‍ നല്‍കുന്ന വിവരം. അപകടം ശ്രദ്ധിയില്‍പ്പെട്ട പ്രദേശവാസികള്‍ വെള്ളവും മണ്ണും കൊണ്ട് തീകെടുത്താന്‍ ശ്രമിക്കുകയും യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടങ്ങി. ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തുള്ള സൈനികത്താവളത്തിലെ സൈനികരും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി.
അപകടത്തില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ അനുശോചിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പൊള്ളലേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
അതേസമയം, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം നിരത്തിലിറക്കിയ ബസാണ് അഗ്നിക്കിരയായത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ പലരെയും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും ഡിഎന്‍എ ടെസ്റ്റ് നടത്തി തിരിച്ചറിയല്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ പ്രതാപ് സിങ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
