ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജ് പ്രകാരം തിങ്കളാഴ്ച വരെ 32 കോടിയിലധികം ദരിദ്രജനവിഭാഗങ്ങള്‍ക്ക് പണം കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍. ഇവരുടെ അക്കൗണ്ടുകളിലായി 29,352 കോടിരൂപ നേരിട്ട് നല്‍കിയതായും കേന്ദ്ര ധനമന്ത്രാലയ വക്താവ് രാജേഷ് മല്‍ഹോത്ര വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം 5.29 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ റേഷന്‍ ധാന്യങ്ങള്‍ വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിതരണത്തിനായി 3,985 മെട്രിക് ടണ്‍ ധാന്യം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാലത്തേക്ക് ആവശ്യമായ കോവിഡ് പരിശോധനാകിറ്റുകള്‍ കൈവശമുണ്ടെന്ന് ഐസിഎംആര്‍ വക്താവ് രമണ്‍ ഗംഗാഖേദ്കര്‍ വ്യക്തമാക്കി. ആറാഴ്ചത്തേക്കു കൂടി ആവശ്യമായ പരിശോധനാകിറ്റുകള്‍ ഉണ്ടെന്നായിരുന്നു ഐസിഎംആര്‍ തിങ്കളാഴ്ച പറഞ്ഞിരുന്നത്. എന്നാല്‍ ആര്‍ടി-പിസിആര്‍ (റിവേഴ്‌സ് ട്രാന്‍സ്്ക്രിപ്ഷന്‍ പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍) കിറ്റുകളുടെ മറ്റൊരു സെറ്റ് കൂടി ലഭിച്ചുവെന്നും അതിനാല്‍ ദീര്‍ഘകാലത്തേക്ക് പരിശോധനകള്‍ നടത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു കൂടാതെ 33ലക്ഷം ആര്‍ടി-പിസിആര്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്നും 37 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അവ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗംഗാഖേദ്കര്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ, രാജ്യത്ത് പുതുതായി 1463 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഒരുദിവസം തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയപരിധിയില്‍ 29 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10,815 ആയി. ഇതില്‍ 9272 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 353 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്് മരിച്ചതായും ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.1190 പേര്‍ കോവിഡ് മുക്തരായെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഓരോ ജില്ലയെയും നഗരത്തെയും വിലയിരുത്തുന്ന നടപടി ഏപ്രില്‍ 20 വരെ തുടരും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ ജില്ലകളിലും നഗരങ്ങളിലും ഉണ്ടായ പുരോഗതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കോവിഡ് നിയന്ത്രണവിധേയമായാല്‍ തെരഞ്ഞെടുത്ത മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കുമെന്നും ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates