

ന്യൂഡല്‍ഹി: വനിതാ സംവരണത്തിനൊപ്പം മണ്ഡല പുനിര്‍ നിര്‍ണയം കൂടി നടപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമ്പോള്‍ ലോക്സഭയില്‍ ഭരണ സഖ്യത്തിനു വേണ്ടത് 41 പേരുടെ കൂടി അധിക പിന്തുണ. രാജ്യസഭയില്‍ 12 പേരുടെ കുറവാണ് ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുന്നതിന് എന്‍ഡിഎയ്ക്കുള്ളത്. ഡിഎംകെയുടെയും എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെയും ഒപ്പം ചില ചെറു പാര്‍ട്ടികളുടെയും പിന്തുണയോടെ ഇക്കുറി ഭേദഗതി പാസാക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
സമാനമായ ഭേദഗതി കഴിഞ്ഞ ഏപ്രിലില്‍ കൊണ്ടുവന്നെങ്കിലും 54 പേരുടെ കുറവില്‍ ലോക്സഭയില്‍ പരാജയപ്പെടുകയായിരുന്നു. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം കൊണ്ടുവരുന്നതിനൊപ്പം ലോക്സഭയുടെ അംഗബലം 850 ആക്കി ഉയര്‍ത്താനാണ് അന്നത്തെ ബില്‍ ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാനങ്ങളിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം കൂട്ടാനുള്ള വ്യവസ്ഥയെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ടുവയ്ക്കുമെന്നാണ് വിവരം. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വര്‍ധനയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിനോട് യോജിപ്പാണെന്ന വിവരമാണ് ഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്നത്. എന്‍സിപിയും ഇതിനെ പിന്തുണച്ചേക്കും.
ലോക്സഭയിലെ 543 അംഗങ്ങളില്‍ നിലവില്‍ മൂന്ന് ഒഴിവാണുള്ളത്. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ ഹാജരായ അംഗങ്ങളുടെ മൂന്നിലൊന്നു ഭൂരിപക്ഷം വേണം. എന്നു വച്ചാല്‍ 360. സര്‍ക്കാരിന് തൃണമൂല്‍ വിമതരുടെയും ശിവസേനാ യുബിടി വിഭാഗത്തിന്റെയും അകാലി ദളിന്റെയും അംഗങ്ങളുടേത് ഉള്‍പ്പെടെ 319 പേരുടെ പിന്തുണയുണ്ട്. 41 പേര് കൂടിയാണ് ഭേദഗതി പാസാക്കാന്‍ വേണ്ടത്. ഡിഎംകെയ്ക്ക് ലോക്സഭയില്‍ 22 അംഗങ്ങളുണ്ട്. എന്‍സിപി പവാര്‍ വിഭാഗത്തിന് എട്ടു പേരും. ഇരു പാര്‍ട്ടികളും പിന്തുണച്ചാല്‍ പിന്നെ വേണ്ടത് 11 പേരുടെ പിന്തുണ. ചെറു പാര്‍ട്ടികളില്‍നിന്ന് ഇത് സംഘടിപ്പിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
രാജ്യസഭയില്‍ ഭരണഘടനാ ഭേദഗതി പാസാക്കാന്‍ 162 പേരുടെ പിന്തുണയാണ് വേണ്ടത്. ആകെയുള്ള 245 അംഗങ്ങളില്‍ രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. സര്‍ക്കാരിന് നിലവില്‍ 150 അംഗങ്ങളുണ്ട്. ഡിഎംകെയുടെ എട്ടും എന്‍സിപിയുടെ ഒന്നും കഴിച്ചാല്‍ പിന്നെ വേണ്ടത് മൂന്നു പേര്. ഇത് അനായാസം നേടാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ഭേദഗതിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാവുമെന്ന് ഡിഎംകെ വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനം സ്റ്റാലിന് ഇന്നു വൈകിട്ടോ നാളെയോ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വനിതാ സംവരണ ബില്‍ രാജ്യത്തിനു നല്ലതാണെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates