

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യനികേതനില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് ഏഴുപേര്‍ മരിച്ച ദുരന്തം ഡല്‍ഹിയിലെ വിദ്യാര്‍ഥി സമൂഹത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. 'ഹോസ്റ്റല്‍ ഡേയ്‌സ്' എന്നറിയപ്പെട്ടിരുന്ന, പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തില്‍ ആണ്‍കുട്ടികള്‍ക്കായുള്ള പേയിങ് ഗസ്റ്റ് അക്കമഡേഷനാണ് പ്രവര്‍ത്തിച്ചിരുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപം ഇത്തരത്തില്‍ തിങ്ങിനിറഞ്ഞ താമസസ്ഥലങ്ങളിലാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ജീവന്‍ പണയം വെച്ച് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ എല്ലാ പിജികളും ഹോസ്റ്റലുകളും ഒരാഴ്ചയ്ക്കകം പരിശോധിക്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് ആവശ്യമായ അനുമതികള്‍ ഉണ്ടോയെന്നും, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും അന്വേഷണത്തില്‍ കണ്ടെത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഔദ്യോഗിക ഹോസ്റ്റല്‍ സൗകര്യങ്ങളുടെ കുറവ് കാരണം മറ്റിടങ്ങളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ സ്വകാര്യ പിജികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ റെഗുലര്‍, പ്രൊഫഷണല്‍, ഓപ്പണ്‍ ലേണിങ് പ്രോഗ്രാമുകളിലായി 7 ലക്ഷത്തിലധികം വിദ്യാര്‍ഥികളുണ്ട്. എന്നാല്‍ സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, വിദ്യാര്‍ഥികള്‍ക്കായി ആകെ ഉള്ളത് 7,000 മുതല്‍ 8,000 വരെ ഹോസ്റ്റല്‍ മുറികള്‍ മാത്രമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ 31ല്‍ ഒരാള്‍ക്ക് മാത്രമാണ് ഹോസ്റ്റല്‍ മുറി ലഭിക്കുന്നത്. 2025ലെ റിപ്പോര്‍ട്ട് പ്രകാരം 30,000ത്തിലധികം ബിരുദ വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകള്‍ക്കായി അപേക്ഷിച്ചിരുന്നെങ്കിലും 10 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് മുറി ലഭിച്ചത്.
വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്വകാര്യ പിജി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കെട്ടിട ഉടമകളും അധികാരികളും വരുത്തുന്ന അലംഭാവമാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമെന്ന് പ്രാദേശവാസികള്‍ പറയുന്നു. അനുവദിച്ചതില്‍ കൂടുതല്‍ നിലകള്‍ അനധികൃതമായി പണിയുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വിദ്യാര്‍ഥികളുടെ ജീവന് നിരന്തരം ഭീഷണിയാകുന്നുണ്ട്. ഞായറാഴ്ച ഉച്ചതിരിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates