ഉത്തര്‍പ്രദേശ്: മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി പുറത്തെടുക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ അത് അനുഭവിച്ചവര്‍ക്കേ ആ വേദനയറിയൂ.. എന്നാല്‍, തൊണ്ടയില്‍ കുടുങ്ങിയത് മീന്‍ മുള്ളാണെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണെങ്കിലോ...? അങ്ങിനെ, പ്രതിസന്ധിയിലായ ആളാണ് കാണ്‍പൂരിലെ ബാരയിലുള്ള 77കാരന്‍ ഗംഗാ ബക്ഷി. കുടുംബത്തിലെ എല്ലാ അംഗങ്ങളും വെജിറ്റേറിയനാണ്. എന്നാല്‍ മീനെന്ന് വെച്ചാല്‍ ഗംഗാ ബക്ഷിക്ക് കൊതിയാണ്.
വര്‍ഷങ്ങളായി വീട്ടുകാരുടെ കണ്ണുവെട്ടിച്ചായിരുന്നു മീന്‍ തീറ്റ. എന്നാല്‍ ഒക്ടോബര്‍ 25ന് രഹസ്യമായി മീന്‍ കഴിക്കുന്നതിനിടയില്‍ ഗംഗാ ബക്ഷിന്റെ തൊണ്ടയില്‍ വലിയൊരു മുള്ള് കുടുങ്ങി. ഇത് ആരോടെങ്കിലും പറയാനോ ഡോക്ടറുടെ അടുത്ത് പോകാനോ കഴിയാതെ ആകെ കുഴങ്ങി. പിന്നീട് ഭക്ഷണം കഴിക്കാനോ വെള്ളം പോലും ഇറക്കാനോ കഴിയാത്ത അവസ്ഥയിലായി. വീട്ടുകാര്‍ അറിയുമോ എന്ന ഭയത്തില്‍ സത്യം മറച്ചു വെച്ചു. എന്നാല്‍ നാള്‍ക്കുനാള്‍ വേദന സഹിക്ക വയ്യാതായതോടെ ഗംഗാ ബക്ഷിയെ ആശുപത്രിയില്‍ എത്തിച്ചു.
മീന്‍ മുള്ള് കുടുങ്ങിയതാവും എന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ആണെന്ന് കുടുംബം മറുപടി നല്‍കി. അപ്പോഴും മീന്‍ മുള്ളാണ് തൊണ്ടയില്‍ കിടക്കുന്നതെന്ന് വയോധികന്‍ മറച്ചു വെച്ചു. പിന്നീട് വേദന കലശലായി സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇയാള്‍ ഡോക്ടറോട് സത്യം പറയുന്നത്. കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ വെച്ച് എന്‍ഡോസ്‌കോപ്പി വഴി മുള്ള് പുറത്തെടുത്ത് വയോധികന്റെ ജീവന്‍ രക്ഷിച്ചു. മുള്ളെടുത്തതില്‍ ആശ്വാസം ഉണ്ടെങ്കിലും തന്റെ രഹസ്യം വീട്ടുകാരും നാട്ടുകാരും അറിഞ്ഞതിന്റെ ജാള്യതയിലാണ് ഇദ്ദേഹം.
തൊണ്ടയില്‍ മുള്ള് കുടുങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
വലിയ ഉരുള ചോറോ പഴമോ കഴിച്ച് മുള്ള് താഴേക്ക് ഇറക്കാന്‍ ശ്രമിക്കരുത്. ഇത് മുള്ള് അന്നനാളത്തില്‍ കൂടുതല്‍ ആഴത്തില്‍ തറഞ്ഞു കയറാന്‍ കാരണമാകും. മുള്ളു കുടുങ്ങി കടുത്ത വേദനയോ ശ്വാസ തടസമോ ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു ഇഎന്‍ടി ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates