

ഭോപാല്‍: പട്ടാപ്പകല്‍ നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോര്‍ നിവാസിയായ നന്ദിനി(28)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് രൂപ്‌സിങ് സ്‌റ്റേഡിയത്തിന് സമീപത്താണ് നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. അരവിന്ദ് പരിഹാറും നന്ദിനിയും ദാമ്പത്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വേര്‍പിരിഞ്ഞാണ് താമസം. വെള്ളിയാഴ്ച വൈകീട്ട് സ്‌റ്റേഡിയത്തിന് സമീപത്തുകൂടെ നടന്നുവരികയായിരുന്ന യുവതിയെ ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് യുവതിക്ക് നേരേ വെടിയുതിര്‍ത്തു. യുവതിക്ക് നേരേ അഞ്ചുതവണയാണ് പ്രതി നിറയൊഴിച്ചത്. വെടിയേറ്റ് യുവതി റോഡില്‍വീണതോടെ പ്രതിയും കൈയില്‍ തോക്കുമായി ഇവര്‍ക്ക് സമീപത്തായി ഇരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതി കൈയില്‍ തോക്കുമായി ഭീഷണി തുടര്‍ന്നു. ആളുകള്‍ക്ക് നേരേ വെടിയുതിര്‍ക്കുമെന്നും സ്വയം നിറയൊഴിച്ച് മരിക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഈ സമയത്ത് മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പ്രതിയെ കൈകാര്യം ചെയ്തു. വെടിയേറ്റുവീണ നന്ദിനിയെ പൊലീസ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കരാറുകാരനായ അരവിന്ദും നന്ദിനിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അരവിന്ദിനെതിരേ നന്ദിനി പലതവണ പൊലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടെന്ന കാര്യം മറച്ചുവെച്ച് തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് സെപ്റ്റംബര്‍ ഒന്‍പതിനും നന്ദിനി അരവിന്ദിനെതിരേ പരാതി നല്‍കിയിരുന്നു. 2024 നവംബറില്‍ അരവിന്ദും ഇയാളുടെ സുഹൃത്ത് പൂജ പരിഹാറും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്ന് ആരോപിച്ചും പരാതി നല്‍കി.
നന്ദിനിയെ വിവാഹം കഴിക്കുമ്പോള്‍ പ്രതി വിവാഹിതനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മില്‍ നേരത്തേ പലതവണ വഴക്കുണ്ടായിട്ടുണ്ട്. അരവിന്ദിനെതിരേ പലതവണ യുവതി കേസുകള്‍ നല്‍കി. ഇക്കഴിഞ്ഞ ജനുവരിയില്‍ അരവിന്ദ് ജയിലില്‍നിന്നിറങ്ങി. ഇതിനുശേഷം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് രണ്ടുപേരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.
അടുത്തിടെ നന്ദിനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ദമ്പതിമാര്‍ക്കിടയില്‍ വീണ്ടും വഴക്കുണ്ടായെന്നും കൊല്ലപ്പെട്ട നന്ദിനി തന്റെ മൂന്നാം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലക്കേസില്‍ ജയിലിലായിരുന്ന നന്ദിനി 2022ലാണ് ജയില്‍മോചിതയായതെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
