ബിസിനസ് ജേണലിസത്തില്‍ പുതിയൊരു അധ്യായം

The Financial Standard
ബിസിനസ് ജേണലിസത്തില്‍ പുതിയൊരു അധ്യായം
Updated on: 
2 min read

സമ്പദ് യാത്രയില്‍ ഇന്ത്യ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ്. ഇന്ന്, ഞങ്ങള്‍ ദേശീയ ബിസിനസ് ദിനപത്രമായ ദി ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് പുറത്തിറക്കുമ്പോള്‍ വായനക്കാര്‍ക്കു മുന്നില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രധാനപ്പെട്ട പുതിയൊരു അധ്യയമാണ് അവതരിപ്പിക്കുന്നത്. അതോടൊപ്പം ബിസിനസ്സിനെയും വിപണിയേയും നമുക്കു ചുറ്റുമുള്ള ലോകത്തെയും രൂപപ്പെടുത്തുന്ന ശക്തികളെ ആഴത്തില്‍ മനസ്സിലാക്കാന്‍ പര്യാപ്തമായ മാധ്യമപ്രവര്‍ത്തനത്തോട് ഞങ്ങള്‍ക്കുള്ള പ്രതിബദ്ധത ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്യുന്നു.

ദേശീയതലത്തില്‍ പുതിയൊരു ബിസിനസ് ദിനപത്രം പുറത്തിറക്കുന്നത് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിനെ സംബന്ധിച്ച് ഒരേസമയം അതിശയിപ്പിക്കുന്ന നാഴികക്കല്ലും കൃത്യതയാര്‍ന്ന ലക്ഷ്യങ്ങളോടെ പിന്തുടര്‍ന്നുപോരുന്ന ഉത്തരവാദിത്വം നിറവേറ്റലുമാണ്. ഇന്ത്യയുടെ സാമ്പത്തിക പരിണാമത്തെ അതിന്റെ വിശാലതയിലും സങ്കീര്‍ണതയിലും മനസ്സിലാക്കുന്ന ഒരു പ്രസിദ്ധീകരണം വേണമെന്ന് ഞങ്ങള്‍ കരുതുന്നു.

ഈ സംരംഭങ്ങളെയും വിഭാഗങ്ങളെയും അവരുടെ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്ന വിശാലമായ ദേശീയ, ആഗോള സമ്പദ് ഇക്കോസിസ്റ്റത്തിലേക്ക് ഞങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നു

ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ കേവലം വിരലില്‍ എണ്ണാവുന്ന മെട്രോപൊളിറ്റന്‍ നഗരങ്ങളിലോ വ്യവസ്ഥാപിത വാണിജ്യ ഇടനാഴികളിലോ ഒതുങ്ങുന്നതല്ല. പുതിയ നിര്‍മാണ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരുന്നു, അടിസ്ഥാന സൗകര്യങ്ങള്‍ വിപണിയെ പുതുക്കിയെഴുതുന്നു, നൂതനമായ രീതികള്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നു, നഗര - മേഖലാ ഭേദമില്ലാതെ സംരംഭങ്ങള്‍ ദേശീയ, ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇടംപിടിക്കുന്നു. കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ്, സ്റ്റാര്‍ട്ട് അപ്പുകള്‍, മേഖാലതലത്തിലെ മുന്‍നിരക്കാര്‍, വ്യവസ്ഥാപിത കോര്‍പ്പറേറ്റുകള്‍ എന്നിങ്ങനെ എല്ലാവരും ഈ മാറ്റത്തില്‍ സ്വന്തം പങ്കുവഹിക്കുന്നു.

രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന - പ്രാദേശിക സമ്പദ് വ്യവസ്ഥകള്‍ക്കു ശക്തി പകരുന്ന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന, ദേശീയ വളര്‍ച്ചയില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്ന - നൂറുകണക്കിനു സംരംഭക, വ്യവസായ ക്ലസ്റ്ററുകളില്‍ക്കൂടിയാണ്, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്ത് നിലകൊള്ളുന്നത്. പക്ഷേ, പലപ്പോഴും വലിയ ബിസിനസ് ആഖ്യാനങ്ങളില്‍ ഇവ പരാമര്‍ശിക്കപ്പെടാതെ പോവുന്നു. ആ കണ്ണിയെ വിളക്കിച്ചേര്‍ക്കാനാണ് ദി ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ലക്ഷ്യമിടുന്നത്. ഈ സംരംഭങ്ങളെയും വിഭാഗങ്ങളെയും അവരുടെ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്ന വിശാലമായ ദേശീയ, ആഗോള സമ്പദ് ഇക്കോസിസ്റ്റത്തിലേക്ക് ഞങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ മാറ്റം വരുത്തുമ്പോള്‍ തിരുപ്പൂരിലെ കയറ്റുമതിയിലുണ്ടാക്കുന്ന പ്രത്യാഘാതം മുതല്‍ ആഗോള വാണിജ്യത്തിലെ ചലനങ്ങള്‍ രാജ്യത്തുടനീളമുള്ള ഉത്പാദന കേന്ദ്രങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വരെ, കൂടുതല്‍ സൂക്ഷ്മമായ പരിശോധനയും ശ്രദ്ധയും വേണ്ട കാര്യങ്ങള്‍ തന്നെയാണെന്ന് ഞങ്ങള്‍ കരുതുന്നു.

ഞങ്ങള്‍ ആഴത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും കണിശതയോടെ പരിശോധിക്കുകയും പക്ഷപാതമില്ലാതെ ചോദ്യം ചെയ്യുകയും വായനക്കാര്‍ക്ക് അതിവേഗം മാറുന്ന ലോകത്തെ മനസ്സിലാക്കാനുള്ള കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യും

ഒറ്റയ്‌ക്കെടുത്തല്ല ഇന്ത്യയുടെ സമ്പദ് യാത്രയെ മനസ്സിലാക്കേണ്ടത് എന്നതിനാല്‍, ഇത്തരമൊരു വിശാലമായ വീക്ഷണം അനിവാര്യം തന്നെയാണ്. ആഗോള വിപണിയിലെ സംഭവ വികാസങ്ങള്‍, വ്യാപാരത്തിലും സാങ്കേതിക വിദ്യയിലുമുണ്ടാവുന്ന മാറ്റങ്ങള്‍, ജിയോ പൊളിറ്റിക്കല്‍ ചേരിതിരിവുകള്‍, നിക്ഷേപ ഘടനയിലെ ചലനങ്ങള്‍ എന്നിവയെല്ലാം ഇന്ത്യന്‍ ബിസിനസ് രംഗത്തെ വെല്ലുവിളികളെയും അവസരങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ഒപ്പം തന്നെ ഇന്ത്യയുടെ തിരഞ്ഞെടുപ്പും അഭ്യുദയേച്ഛയും വിശാലമായ ആഗോള സാമ്പത്തിക ഭൂപടത്തെയും നിര്‍ണയിക്കുന്നു.

പരസ്പരം പിണഞ്ഞുകിടക്കുന്ന ഈ കഥകളെ ഒരുമിച്ചുകൊണ്ടുവരികയാണ്, ദി ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്. തലക്കെട്ടുകള്‍ക്കും വിപണി ചലനങ്ങള്‍ക്കും അപ്പുറം അവയ്ക്കു പിന്നിലെ ട്രെന്‍ഡുകളെ പരിശോധിക്കുക, ബിസിനസ്സിനെയും സാമ്പത്തിക രംഗത്തെയും സ്വാധീനിക്കുന്ന ആശയങ്ങളെ മനസ്സിലാക്കുക എന്നിവയൊക്കെയാണ് ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ഉന്നമിടുന്നത്. ഞങ്ങള്‍ ആഴത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും കണിശതയോടെ പരിശോധിക്കുകയും പക്ഷപാതമില്ലാതെ ചോദ്യം ചെയ്യുകയും വായനക്കാര്‍ക്ക് അതിവേഗം മാറുന്ന ലോകത്തെ മനസ്സിലാക്കാനുള്ള കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യും.

എളിമയോടെയും ബോധ്യത്തോടെയും വായനക്കാരോടുള്ള പ്രതിബദ്ധതയോടെയും ഞങ്ങള്‍ തുടങ്ങുന്നു

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണം എന്ന നിലയില്‍ വിശ്വാസ്യത മുഖമുദ്രയായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒസ്യത്തും വിവരാധിഷ്ഠിത പൊതു ചര്‍ച്ചകള്‍ ചലനാത്മകമായ ജനാധിപത്യത്തിനും പുരോഗമാത്മകമായ സമ്പദ് വ്യവസ്ഥയ്ക്കും അനിവാര്യമാണെന്ന വിശ്വാസവും ഞങ്ങളിലുണ്ട്. കൃത്യത, നേര്, പക്ഷപാതമില്ലായ്മ, ഉത്തരവാദിത്വം എന്നിവയിലൂടെ ഓരോ ദിനവും ആര്‍ജിച്ചെടുക്കേണ്ടതാണ് വിശ്വാസ്യതതയെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഈ മൂല്യങ്ങള്‍ തന്നെയായിരിക്കും ഞങ്ങളുടെ പ്രവൃത്തിയുടെ കേന്ദ്രബിന്ദു.

എളിമയോടെയും ബോധ്യത്തോടെയും വായനക്കാരോടുള്ള പ്രതിബദ്ധതയോടെയും ഞങ്ങള്‍ തുടങ്ങുന്നു. മാറുന്ന ഇന്ത്യയുടെ ബിസിനസിനെയും ലോകത്തില്‍ അതിന്റെ സ്ഥാനത്തേയും ശരിയായി മനസ്സിലാക്കാന്‍ ആഗ്രഹമുള്ള ഏതൊരാളുടെയും വിശ്വസനീയ പങ്കാളിയായി ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് മാറുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ദി ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡിലേക്കു സ്വാഗതം.

മനോജ് കുമാര്‍ സൊന്താലിയ

ചെയര്‍മാന്‍, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ്‌

The Financial Standard
'സാമ്പത്തിക ലോകത്തേയ്ക്കുള്ള കണ്ണാടി'; പുതിയ അധ്യായം ചേര്‍ത്ത് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് വെബ്‌സൈറ്റ് മിഴിതുറന്നു
Summary

Today, as we bring The Financial Standard, our national business daily, to readers, we introduce an important new chapter for The New Indian Express Group and reaffirm our commitment to journalism that seeks to provide a deeper understanding of the forces shaping business, markets, and the world around us

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER