

ചെന്നൈ: പഴനിയിലെ പ്രശസ്തമായ ദണ്ഡായുധപാണി ക്ഷേത്രത്തിലെ പൊതു അറിയിപ്പ് കേന്ദ്രത്തില്‍ അതിക്രമിച്ചുകയറുകയും സ്പീക്കറിലൂടെ നടന്‍ വിജയ്യുടെ ഗാനം ഉച്ചത്തില്‍ കേള്‍പ്പിക്കുകയും ചെയ്ത് യുവാവ്. ഗാനം പ്ലേ ചെയ്യുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു.
പഴനി ക്ഷേത്രത്തിലെ യാനൈ പാതൈ എന്നറിയപ്പെടുന്ന ഭാഗത്താണ് സംഭവം നടന്നത്. സുരക്ഷാ അറിയിപ്പുകള്‍ക്കും ഭക്തിഗാനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന മൈക്രോഫോണ്‍ സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത സമയം നോക്കിയാണ് അജ്ഞാതനായ യുവാവ് അകത്തുകടന്നത്. തുടര്‍ന്ന് ഇയാള്‍ തന്റെ മൊബൈല്‍ ഫോണ്‍ ഓഡിയോ കണ്‍സോളുമായി ബന്ധിപ്പിക്കുകയും വിജയ്‌യുടെ പാട്ട് ഉച്ചത്തില്‍ പ്ലേ ചെയ്യുകയുമായിരുന്നു. വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഗാനമാണ് ക്ഷേത്രത്തില്‍ മുഴങ്ങിയത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ക്ഷേത്രം അധികൃതര്‍ പോലീസിനെ സമീപിച്ചത്. വീഡിയോയില്‍ ചില ഭക്തര്‍ യുവാവിനെ ശാസിക്കുന്നത് കാണാം. ചിലര്‍ ക്ഷേത്രത്തിലെ ശാന്തമായ അന്തരീക്ഷത്തില്‍ ഇത്തരമൊരു ഗാനം കേട്ട് അമ്പരന്നു. ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതര്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ വിജയ്, തന്റെ അവസാന ചിത്രമായ 'ജനനായകന്‍' റിലീസിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ പൊങ്കലിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നീണ്ടുപോവുകയാണ്. ചിത്രത്തിന് പ്രദര്‍ശനാനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates