

ന്യൂഡല്‍ഹി: ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ ഇടപെടലുകളെ ഓർമ്മിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ഒരു പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് നെഹ്‌റു അയച്ച കത്ത് പരാമര്‍ശിച്ചാണ് ജയ്‌റാം രമേശിന്റെ പ്രതികരണം.
1950 കളില്‍ ഉയര്‍ന്നു വന്ന മുന്ദ്ര അഴിമതിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ജയറാം രമേശ് പരാമര്‍ശിച്ചിരിക്കുന്നത്. 1957-ല്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്ദ്ര സ്ഥാപനങ്ങളില്‍ ഏകദേശം 1.26 കോടി രൂപ നിക്ഷേപിച്ചു എന്നായിരുന്നു ആക്ഷേപം. ആരോപണത്തിന് പിന്നാലെ ധനമന്ത്രി ടിടി കൃഷ്ണമാചാരി രാജിവച്ചു.
വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ 1958 മെയ് മാസത്തില്‍ ജസ്റ്റിസ് വിവിയന്‍ ബോസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വിരമിച്ചെങ്കിലും, വിവിയന്‍ ബോസ് ആ സമയത്ത് സുപ്രീം കോടതിയില്‍ ഒരു അഡ്-ഹോക്ക് ജഡ്ജിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. 1958 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, മുന്ദ്ര ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 1.50 ലക്ഷം രൂപയും എഐസിസിക്ക് 1 ലക്ഷം രൂപയും സംഭാവനകള്‍ നല്‍കിയിരുന്നു. ഇതിന് പകരമായി എല്‍ഐസി നിക്ഷേപം നടത്തിയെന്നായിരുന്നു കണ്ടെത്തല്‍.
കണ്ടെത്തലില്‍ അതൃപ്തി പ്രകടപ്പിച്ചായിരുന്നു 1959 ജൂണ്‍ 10 ന് ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ നെഹ്‌റു കമ്മീഷന് എതിരെ തിരിഞ്ഞത്. 'മുന്ദ്രയില്‍ നിന്നും ലഭിച്ച രണ്ടര ലക്ഷം രൂപയ്ക്ക്, കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, അത് സൂചിപ്പിക്കുന്ന വ്യക്തിക്ക് ബുദ്ധിയില്ല, അദ്ദേഹം ഒരു ജഡ്ജിയാണെങ്കില്‍ പോലും.' എന്നായിരുന്നു നെഹ്‌റുവിന്റെ പരാമര്‍ശം.
ഈ വിഷയത്തില്‍ കല്‍ക്കട്ട ബാര്‍ അസോസിയേഷന്‍ നെഹ്‌റുവിനെതിരെ രംഗത്തെത്തി. നെഹ്‌റുവിന് എതിരെ പ്രമേയം പാസാക്കിയതായി അറിയിച്ചുകൊണ്ട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അയച്ച കത്തിന് മറുപടിയായാണ് നെഹ്‌റു ഖേദ പ്രകടനം നടത്തിയത്. സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ പറഞ്ഞുപോയ വാക്കുകളാണെന്നും, അനുചിതമായ പരാമര്‍ശത്തിന് വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു എന്നും നെഹ്‌റു കത്തില്‍ അറിയിച്ചു. 'എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബോധാവാനായിരുന്ന ഒരു ഭരണാധികാരിയുടെ ബോധ്യങ്ങളാണ് ഈ നടപടിക്ക് പിന്നിലെന്നും ജയ്‌റാം രമേശ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates